ഗവർണറുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ

ഡിസംബർ അഞ്ച് മുതൽ നിയമസഭ സമ്മേളനം ചേരുമെന്ന് സ്പീക്കർ എ എൻ ഷംസീർ. . ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പൂർണമായും രമ്യമായും പരിഹരിക്കുമെന്നും സ്പീക്കർ പറഞ്ഞു.ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്.

കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇത്. ഓര്‍ഡിനൻസുകൾ പാസാക്കാൻ വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഒടുവിൽ ചേര്‍ന്നപ്പോൾ എംബി രാജേഷായിരുന്നു സ്പീക്കര്‍. പിന്നീട് ഷംസീറിന് സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഒരു ദിവസത്തേക്ക് മാത്രമായി സഭ ചേര്‍ന്നിരുന്നു.വൈസ് ചാൻസലര്‍ നിയമനത്തിൽ സര്‍ക്കാര്‍ പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്.

കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കുകയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രിയ വര്‍ഗ്ഗീസിൻ്റെ നിയമനത്തിൻ്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങൾ നിലവിൽ പാര്‍ട്ടി ഏറ്റുവാങ്ങുകയുമാണ്. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വൈസ് ചാൻസലര്‍മാരുടെ എല്ലാം നില പരുങ്ങലിലാണ്.ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിൽ ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങൾ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കാൻ പോകുന്നത്.

Top