ചെന്നിത്തല കെഎസ്‌യു നേതാവില്‍ നിന്ന് തരി പോലും വളര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെഎസ് യു നേതാവില്‍ നിന്നും തരിപോലും വളര്‍ന്നിട്ടില്ലെന്നും ഇനിയെങ്കിലും വളരാന്‍ ശ്രമിക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തതില്‍ താന്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. വേണമെങ്കില്‍ പ്രമേയത്തിന് അനുമതി നല്‍കാതിരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ വിയോജിപ്പ് ശബ്ദവും ആഘോഷിക്കപ്പെടേണ്ടതാണെന്ന് സ്പീക്കര്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പ്രമേയം ബൂമറാംഗ് പോലെ തിരിച്ചടിക്കും. പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെയും കേട്ടുകേള്‍വിയും വച്ച് ഭരണഘടനാ സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. മേലില്‍ ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉണ്ടാകാതിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. തനിക്കെതിരേ പത്രങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരികകാന്‍ സമയമില്ലെന്നും പത്രവാര്‍ത്തകള്‍ക്ക് പിന്നാലെ പോകുന്ന ശീലമില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരേ പ്രതിപക്ഷം നിരവധി അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. തെളിവെവിടെ എന്ന് ഭരണപക്ഷം ചോദിക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഉത്തരം മുട്ടി. സര്‍ക്കാരിനെ അടിക്കാന്‍ പറ്റാത്തതുകൊണ്ടാണ് സ്പീക്കറെ തല്ലുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Top