എസ്പിബിയെ അവസാനമായി കാണാന്‍ ജനസാഗരം; പൊതുദര്‍ശനം ഉപേക്ഷിച്ചു

എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ഭൗതികദേഹം ചെന്നൈ നുങ്കംപാക്കത്തെ വീട്ടില്‍ നിന്നും റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്കു മാറ്റി. ഹൃദയഗായകനെ അവസാനമായി ഒന്നു കാണാന്‍ ജനം തിങ്ങി നിറഞ്ഞതോടെയാണ് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിച്ച് ഭൗതികശരീരം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്കു മാറ്റിയത്. ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11ന് സംസ്‌കാരം നടക്കും.ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കളും മാത്രമേ പ്രവേശനം ഉണ്ടാകൂ.

ഇന്ന് വൈകിട്ട് നാലുമണിയോടെ നുങ്കംപാക്കത്തെ വീട്ടില്‍ എസ്പിബിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആളുകള്‍ എത്തിയിരുന്നു. വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് എട്ട് മണിയോടുകൂടി പൊതുദര്‍ശനം അവസാനിപ്പിച്ചു. ഭൗതികശരീരമുള്ള റെഡ് ഹില്‍സിലെ ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിച്ചു.

Top