സ്പാനിഷ് ലീഗില്‍ റയലിന് തിരിച്ചടി; ബെറ്റിസിനോട് സമനില

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ കിരീട കുതിപ്പിന് തിരിച്ചടി. റയല്‍ മാഡ്രിഡിനെ റയല്‍ ബെറ്റിസ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. രണ്ടാം സ്ഥാനത്തുള്ള റയലിന് 71 പോയിന്റാണുള്ളത്.

ഒന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ രണ്ട് പോയിന്റ് പിന്നിലാണ് റയല്‍  ഇപ്പോള്‍. 68 പോയിന്റുമായി മൂന്നാമതുള്ള ബാഴ്‌സലോണയ്ക്ക് രണ്ട് കളികള്‍ കൂടി അവശേഷിക്കുന്നുണ്ട്. അത്‌ലറ്റികോ മാഡ്രിഡിന് ഒരു കളിയും.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരെ ലിവര്‍പൂളിന് സമനില. മൂന്നാം മിനിറ്റില്‍ മുഹമ്മദ് സലയുടെ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും അധികസമയത്ത് വില്ലോക്ക് നേടിയ ഗോളിലൂടെ ന്യൂകാസില്‍ യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയാണ് വില്ലോക്ക് 95-ാം മിനിട്ടില്‍ ഗോള്‍ നേടിയത്.

ചെല്‍സിയും ആറാമതുള്ള ലിവര്‍പൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഇതോടെ നാലായി ഉയര്‍ന്നു. മറ്റൊരു മത്സരത്തില്‍ ചെല്‍സി, വെസ്റ്റ്ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. 43-ാം മിനിട്ടില്‍ വെര്‍ണര്‍ നേടിയ ഗോളാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്. വെസ്റ്റ്ഹാമിന്റെ ബാല്‍ബിന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

 

Top