spanish league – barcelona

പാല്‍മാസ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ജൈത്രയാത്ര തുടരുന്നു. ലാസ് പാല്‍മയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ച ബാഴ്‌സ പോയിന്റ് നിലയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി.

25 മത്സരങ്ങളില്‍ നിന്ന് ബാഴസലോണയ്ക്ക് 63 പോയിന്റായി. തൊട്ടുപിന്നിലുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ ഒമ്പത് പോയിന്റ് അധികം. മൂന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 53 പോയിന്റുകള്‍ മാത്രമാണുള്ളത്. എന്നാല്‍ അത്‌ലറ്റികോയും റയലും 24 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്.

ബാഴ്‌സയ്ക്കായി സുവാരസും നെയ്മറും എതിര്‍വല ചലിപ്പിച്ചപ്പോള്‍ ഡാ സില്‍വ പാല്‍മാസിന്റെ ഏക ഗോള്‍ നേടി. സുവാരസ് മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ബാഴ്‌സയെ മുന്നിലെത്തിച്ചു. ഇതോടെ സുവാരസ്, ഈ സീസണിലെ ലാ ലീഗ ഗോളുകളുടെ എണ്ണം (25) കാല്‍സെഞ്ചുറിയാക്കി. സുവാരാസിന്റെ ഗോളിനു നാലു മിറ്റുകള്‍ക്കുള്ളില്‍ പാല്‍മാസ് മറുപടി നല്‍കി. ഡാ സില്‍വയുടെ ഗോളില്‍ കളി സമാസമം.

എന്നാല്‍ ബാഴ്‌സ ആദ്യപകുതിയില്‍ തന്നെ ലീഡ് തിരിച്ചു പിടിച്ചു. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറുടെ ബൂട്ടില്‍ നിന്നായിരുന്നു വിജയ ഗോള്‍. 39-ാം മിനിറ്റിലായിരുന്നു നെയ്മറുടെ ഗോള്‍.

Top