സ്പാനിഷ് ലാ ലിഗ്; അത്ലറ്റിക്കോ മഡ്രിഡിന് ഒന്നാം സ്ഥാനത്ത് ലീഡ് കുറഞ്ഞു

മഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടപ്പോരാട്ടത്തില്‍ അത്ലറ്റിക്കോ മഡ്രിഡിനു കാലിടറി. റയല്‍ ബെറ്റിസുമായി 1-1 സമനില വഴങ്ങിയതോടെ അത്ലറ്റിക്കോയ്ക്ക് ഒന്നാം സ്ഥാനത്തു ലീഡ് കുറഞ്ഞു. കഴിഞ്ഞ ദിവസം ബാര്‍സിലോനയെ കീഴടക്കി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയ റയല്‍ മഡ്രിഡിനെ പിന്തള്ളി വീണ്ടും അത്ലറ്റിക്കോ മുന്നിലെത്തിയെങ്കിലും ലീഡ് ഒരു പോയിന്റ് മാത്രം.

ഇതോടെ, സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടം ഇത്തവണ ആവേശകരമായി. കളി സമനിലയായതിനെക്കാള്‍ പ്രമുഖ താരങ്ങള്‍ക്കു പരുക്കേറ്റതാണ് അത്ലറ്റിക്കോ കോച്ച് ഡിയേഗോ സിമിയോണിയെ കൂടുതല്‍ വേദനിപ്പിക്കുന്നത്. 5-ാം മിനിറ്റില്‍ യാനിക് കരാസ്‌കോയുടെ ഗോളില്‍ മുന്നിലെത്തി അത്ലറ്റിക്കോ തുടക്കം ഗംഭീരമാക്കിയതാണ്.

എന്നാല്‍, 20-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ടെല്ലോയുടെ വോളിയിലൂടെ ബെറ്റിസ് ഗോള്‍ മടക്കി. അത്ലറ്റിക്കോയുടെ സൂപ്പര്‍ താരങ്ങളായ ജോവ ഫെലിക്‌സ്, റൈറ്റ് ബാക്ക് കീറന്‍ ട്രിപ്പിയര്‍ എന്നിവര്‍ക്കു പരുക്കേറ്റതു പിന്നാലെയാണ്.

ഇതോടെ ലൂയി സ്വാരെസ്, തോമസ് ലെമാര്‍, മൂസ ഡെംബലെ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്‍ജറി നിരയിലേക്കു 2 പേര്‍ കൂടി. 30 കളിയില്‍ 67 പോയിന്റോടെയാണ് അത്ലറ്റിക്കോ ഇപ്പോള്‍ ഒന്നാമതു നില്‍ക്കുന്നത്. 2-ാം സ്ഥാനക്കാരായ റയലിനു 30 കളിയില്‍ 66, ബാര്‍സയ്ക്കു 30 കളിയില്‍ 65, ഇനിയുള്ള ഓരോ മത്സരവും ഈ 3 ടീമുകള്‍ക്കും നിര്‍ണായകമാണ്.

 

Top