Spanish football league

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിനു വീണ്ടും തിരിച്ചടി. വിയ്യാ റയാലിനെതിരേ നടന്ന എവേ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയാല്‍ തോറ്റത്.

അഞ്ച് കളികളില്‍ അവര്‍ നേരിടുന്ന മൂന്നാമത്തെ തോല്‍വി കൂടിയാണിത്. മാഡ്രിഗാലില്‍ നടന്ന മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ റോബര്‍ട്ടോ സോള്‍ഡാഡോ നേടിയ ഗോളാണ് റയാലിന്റെ വിധി മാറ്റിയത്. മാഡ്രിഡ് തോറ്റതോടെ ബാഴ്‌സലോണ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനത്തു തിരിച്ചെത്തി. അത്‌ലറ്റിക്കോ മാഡ്രിഡ് 21 ന് അത്‌ലറ്റിക്കോ ബില്‍ബാവോയെ തോല്‍പ്പിച്ചതും ബാഴ്‌സയ്ക്ക് അനുകൂലമായി.

15 കളികളില്‍നിന്ന് 35 പോയിന്റാണ് ബാഴ്‌സ നേടിയത്. അത്‌ലറ്റിക്കോ അത്രയും കളികളില്‍നിന്ന് 35 പോയിന്റ് നേടി രണ്ടാമതായി. 30 പോയിന്റാണ് റയാലിന്റെ നേട്ടം. റയാലിനെക്കാള്‍ മൂന്ന് പോയിന്റ മാത്രം വ്യത്യാസമുള്ള വിയ്യാ റയാല്‍ അഞ്ചാമതാണ്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണ ഡിപ്പോര്‍ട്ടീവ ലാ കൊരൂണയോട് 22 നു സമനില വഴങ്ങിയിരുന്നു.

രണ്ടു ഗോളുകള്‍ക്കു മുന്നിട്ടു നിന്ന ബാഴ്‌സയ്‌ക്കെതിരേ 13 മിനിറ്റിനിടെ രണ്ടു തവണ വലകുലുക്കിയാണ് ഡിപ്പോര്‍ട്ടീവോ ഒരു പോയിന്റ് സ്വന്തമാക്കിയത്. വിജയം കൈവിട്ടെങ്കിലും ബാഴ്‌സ തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.31ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയിലൂടെയാണ് ബാഴ്‌സ ലീഡ് നേടിയത്. ബോക്‌സിനു തൊട്ടുമുന്നില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. ആദ്യ പകുതി ഇതേ സ്‌കോറിന് പിരിഞ്ഞ ബാഴ്‌സയ്ക്കായി 62ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചാണ് രണ്ടാം ഗോള്‍ നേടിയത്.

എന്നാല്‍ അവസാന 15 മിനിറ്റില്‍ ഈ രണ്ടുഗോള്‍ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. 77ാം മിനിറ്റില്‍ ലൂക്കാസ് പെരെസും 86ാം മിനിറ്റില്‍ പെരെസിന്റെ പാസില്‍ നിന്ന് ബെര്‍ഗാന്റ്‌റിനോ ഗാര്‍ഷ്യയും ലക്ഷ്യം കണ്ടപ്പോള്‍ സ്തംഭിച്ചു നില്‍ക്കാനേ ബാഴ്‌സ താരങ്ങള്‍ക്കായുള്ളു.

വിയ്യാ റയാലിനോടു തോറ്റതോടെ റയാല്‍ മാഡ്രിഡ് കോച്ച് റാഫേല്‍ ബെനിറ്റസിനു മേല്‍ സമ്മര്‍ദമേറി. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഫോം മങ്ങിയാണു കളിക്കുന്നത്. വിയ്യാ റയാലിനെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഫ്രഞ്ച് സ്‌ട്രൈക്കര്‍ കാരിം ബെന്‍സൈമയും ഗോളടിക്കാവുന്ന ഒന്നിലധികം അവസരങ്ങള്‍ പാഴാക്കിയിരുന്നു.

Top