സ്പാനിഷ് ഫുട്‌ബോള്‍ മേധാവി ലൂയിസ് റൂബിയാലെസ് സ്ഥാനമൊഴിയും; രാജി ചുംബന വിവാദത്തില്‍

സ്പാനിഷ് ഫുട്‌ബോള്‍ മേധാവി ലൂയിസ് റൂബിയാലെസ് സ്ഥാനമൊഴിയും. 46 കാരനായ റൂബിയാലെസ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വനിതാ ലോകകപ്പ് ഫൈനലിന് ശേഷം സ്‌പെയിന്‍ താരത്തെ ബലമായി ചുംബിച്ച നടപടി വലിയ വിവാദമായതോടെയാണ് രാജി.

ഞായറാഴ്ച സിഡ്‌നിയില്‍ നടന്ന വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ സ്‌പെയിന്‍ 1-0ന് വിജയിച്ചിരുന്നു. വിജയാഘോഷത്തിനിടെയാണ് റൂബിയാലെസ് മിഡ്ഫീല്‍ഡര്‍ ജെന്നിഫര്‍ ഹെര്‍മോസോയുടെ ചുണ്ടില്‍ ബലമായി ചുംബിച്ചത്. കൂടാതെ വനിതാ താരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും ഇയാള്‍ സ്പര്‍ശിച്ചു. റൂബിയേല്‍സിന്റെ ഈ പ്രവൃത്തി ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കി.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സ്‌പെയിനിലെ വനിതാ ലീഗുകള്‍, പുരുഷന്മാരുടെ ലാ ലിഗ ക്ലബ്ബുകള്‍, കൂടാതെ അന്തര്‍ദ്ദേശീയ തലങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. മാത്രമല്ല റൂബിയലസിനെതിരെ ഫിഫ അച്ചടക്ക നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംഭവം ‘ഫിഫ അച്ചടക്ക കോഡിന്റെ ആര്‍ട്ടിക്കിള്‍ 13 ഖണ്ഡിക 1, 2 എന്നിവയുടെ ലംഘനമാണ്’ എന്ന് ഫിഫ പറഞ്ഞു. ഇതോടെ രാജി അല്ലാതെ റൂബിയാലെസിന് മറ്റ് മാര്‍ഗമില്ലാതായി.

Top