ജര്‍മനിയുടെ തോല്‍വി അന്ന് ബ്രസീലിന് സംഭവിച്ചത്; ബെയര്‍ഹോഫ്

ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനി സ്‌പെയിനിനോട് തോറ്റതില്‍ പ്രതികരണവുമായി ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ചീഫ് ഒളിവര്‍ ബെയര്‍ഹോഫ്. 2014 ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് ബ്രസീലിനേറ്റ തോല്‍വിയോടാണ് ബെയര്‍ഹോഫ് ടീമിന്റെ പ്രകടനത്തെ ഉപമിച്ചത്. അന്ന് ബ്രസീലിന് 7 -1 നിലയ്ക്കായിരുന്നു ജര്‍മനിയോട് വലിയ പരാജയം നേരിടേണ്ടി വന്നത്. സ്‌പെയിനിനോട് എതിരില്ലാത്ത ആറുഗോളുകള്‍ക്ക് പരാജയപ്പെടേണ്ടി വന്നത് ഒരു ഒറ്റപ്പെട്ട സംഭവമായിക്കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും 2014 ബ്രസീലിന് കളിക്കളത്തില്‍ സംഭവിച്ചതാണ് ഇന്ന് തങ്ങള്‍ക്ക് പറ്റിയതെന്നും ബെയര്‍ഹോഫ് പ്രതികരിച്ചു. കൂടാതെ, കോച്ച് ജോക്കിം ലോയ്‌വില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും ബെയര്‍ഹോഫ് കൂട്ടിച്ചേര്‍ത്തു.

 

ഫെറാന്‍ ടോറസിന്റെ ഹാട്രിക് ഗോളുകളാണ് ജര്‍മനിയെ തുരത്തിയോടിക്കാന്‍ സ്‌പെയിന് സഹായകമായത്. ഫെറാന്‍ ടോറസിന്റെ ആദ്യ ഹാട്രിക് ആണിത്. സെമിയില്‍ കടക്കാന്‍ വെറുമൊരു സമനില മാത്രമായിരുന്നു ജര്‍മനിക്ക്. 17ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയും 38-ാം മിനിറ്റില്‍ റോഡ്രിയും 89-ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബലും സ്പാനിഷ് ടീമിനായി സ്‌കോര്‍ ചെയ്തു. ഫുട്ബാള്‍ ടൂര്‍ണമെന്റുകളില്‍ 89 വര്‍ഷത്തിനിടെ ജര്‍മനിയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. തോല്‍വിക്കുപിന്നാലെ ബയേണ്‍ മ്യൂണിക് താരങ്ങളായ ജെറോം ബോട്ടെങ്, തോമസ് മുള്ളര്‍, മാറ്റ് ഹമ്മല്‍സ് എന്നിവരെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം സ്പെയിനും രണ്ടാം സ്ഥാനം ജര്‍മ്മനിയുമായി.

Top