2023 വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയില്‍ സ്പെയിനും സ്വീഡനും

മെല്‍ബണ്‍: 2023 ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ സ്പെയിനും സ്വീഡനും.വാശിയേറിയ ക്വാര്‍ട്ടറില്‍ സ്പെയിന്‍ നെതര്‍ലന്‍ഡ്സിനെയും സ്വീഡന്‍ ജപ്പാനെയും കീഴടക്കി.സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും.

ലോകറാങ്കിങ്ങില്‍ ആറാമതുള്ള സ്പെയിന്‍ ഒന്‍പതാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്സിനെ എക്സ്ട്രാ ടൈമിലൂടെയാണ് കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ വിജയം. നിശ്ചിത സമയത്ത് 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മരിയോണ കാള്‍ഡെന്റെയ് സ്പെയിനിനായി ലീഡ് സമ്മാനിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ സ്റ്റെഫാനി വാന്‍ ഡെര്‍ ഗ്രാഗ്റ്റിലൂടെ നെതര്‍ലന്‍ഡ്സ് തിരിച്ചടിച്ച് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി.

എന്നാല്‍ 111-ാം മിനിറ്റില്‍ സല്‍മ സെലസ്റ്റിയിലൂടെ സ്പെയിന്‍ വീണ്ടും ലീഡെടുത്തു. ഇതോടെ നെതര്‍ലന്‍ഡ്സ് പ്രതിരോധത്തിലായി. ഒന്‍പത് മിനിറ്റ് മാത്രം ശേഷിക്കേ സമനില നേടാനായി ടീം കിണഞ്ഞുശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം കുലുങ്ങിയില്ല. ഇതോടെ സ്പെയിന്‍ സെമിയിലേക്ക് ടിക്കറ്റെടുത്തു. ഇതാദ്യമായാണ് സ്പെയിന്‍ വനിതാ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.

മറ്റൊരു ക്വാര്‍ട്ടറില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കരുത്തരായ സ്വീഡന്‍ പരാജയപ്പെടുത്തിയത്. സ്വീഡനുവേണ്ടി 32-ാം മിനിറ്റില്‍ അമന്‍ഡ ലെസ്റ്റെഡും 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫിലിപ്പ ഏയ്ഞ്ജല്‍ഡാലും ഗോളടിച്ചതോടെ ടീം 2-0 ന് മുന്നിലെത്തി. 87-ാം മിനിറ്റില്‍ ഹൊനോക്ക ഹയാഷി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ജപ്പാന് വിജയം സ്വന്തമാക്കാനായില്ല. വനിതാ ലോകകപ്പിലെ സ്വീഡന്റെ അഞ്ചാം സെമി ഫൈനല്‍ പ്രവേശനമാണിത്.

Top