സ്‌പെയിനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് ജയം

സ്‌പെയിന്‍; സ്‌പെയിനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍, ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിച്ചില്ല. 75 ശതമാനം വോട്ട് രേഖപ്പെടുത്തിയ വോട്ടെടുപ്പില്‍ 30 ശതമാനം വോട്ടാണ് സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേടിയത്. നാല് വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന മൂന്നാം തെരഞ്ഞെടുപ്പാണിത്.

അസമത്വം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും കാറ്റലോണിയന്‍ പ്രശ്‌ന പരിഹാരവും അഴിമതി ഇല്ലാതാക്കലുമാണ് പ്രധാന ദൗത്യങ്ങളെന്നും പെഡ്രോ സാഞ്ചസ് പറഞ്ഞു. 120 ലധികം സീറ്റാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ലഭിക്കുക. ഇടതുപക്ഷ പാര്‍ട്ടിയായ പൊഡേമോസിന് 42 ഉം സീറ്റുകള്‍ ലഭിച്ചു. 2015 ല്‍ 69 സീറ്റുകള്‍ ലഭിച്ചിരുന്നു. ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്നാലും സര്‍ക്കാരുണ്ടാക്കാന്‍ 11 സീറ്റിന്റെ കുറവുണ്ടാകും . ചെറിയ പാര്‍ട്ടികളുടെ പിന്തുണ തേടാനാണ് സാഞ്ചസിന്റെ ലക്ഷ്യം. വോക്‌സ് പാര്‍ട്ടിയുടെ പ്രകടനവും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി. 24 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്.

2016 ല്‍ 137 സീറ്റുകള് നേടിയ കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി 66 സീറ്റില്‍ ഒതുങ്ങി. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശ പ്രകടിപ്പിച്ച പീപ്പിള്‍സ് പാര്‍ട്ടി നേതാവ് പാബ്ലോ കസാഡോ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെ അഭിനന്ദിക്കുകയും ചെയ്തു. രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാറ്റലോണിയയില്‍ ഇത്തവണ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയതും ശ്രദ്ധേയമായി. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ബജറ്റ് ശുപാര്‍ശകള്‍ ഫെബ്രുവരിയില്‍ തള്ളപ്പെട്ടതോടെയാണു വീണ്ടും തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

Top