സ്‌പെയിനിന്റെ ഇതിഹാസ ഫുട്‌ബോള്‍ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസ് വിരമിച്ചു

മാഡ്രിഡ്: സ്‌പെയിനിന്റെ ഇതിഹാസ ഫുട്‌ബോള്‍ ഗോള്‍കീപ്പറും ലോകകപ്പ് കരസ്ഥമാക്കിയ നായകനുമായ ഐകര്‍ കസീയസ് വിരമിച്ചു. 22 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് 39കാരനായ കസീയസ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് നേരത്തെ വിരമിച്ച കസീയസ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പോര്‍ച്ചുഗീസ് ക്ലബ്ബായ പോര്‍ട്ടോയിലാണ് കളിക്കുന്നത്.

റയല്‍ വിട്ടശേഷം 2015ലാണ് കസീയസ് പോര്‍ട്ടോയിലെത്തിയത്. പോര്‍ട്ടോക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങളിലും കസീയസ് പങ്കാളിയായി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം തുടങ്ങിയ റെക്കോര്‍ഡുകള്‍ ഇപ്പോഴും കസീയസിന്റെ പേരിലാണ്.

2010ല്‍ സ്‌പെയിനിനെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച കസീയസ് 2008ലും 2012ലും സ്‌പെയിനിന്റെ യൂറോ കപ്പ് കിരീട നേട്ടത്തിലും പങ്കാളിയായി. റയലില്‍ നീണ്ട 16 വര്‍ഷത്തെ കരിയറില്‍ 725 മത്സരങ്ങള്‍ കളിച്ച കസീയസ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ്.

Top