പ്രശസ്ത പോപ്പ് ഗായിക ഷക്കീറയ്ക്കെതിരേ നികുതി വെട്ടിപ്പ് കുറ്റം ചുമത്തി സ്‌പെയിന്‍

പ്രശസ്ത പോപ്പ് ഗായിക ഷക്കീറയ്ക്കെതിരേ നികുതി വെട്ടിപ്പ് കുറ്റം ചുമത്തി സ്‌പെയിന്‍. താരം 58.25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. 2018-ലെ ആകെ വരുമാനത്തില്‍ 6.7 മില്യണ്‍ യൂറോ (ഏഴ് മില്യണ്‍ ഡോളര്‍) രൂപയാണ് താരം നികുതിയായി അടക്കേണ്ടിയിരുന്നത്. നികുതി വെട്ടിപ്പിന് ഒരു വിദേശ കമ്പനിയുടെ സഹായം ഷക്കീറ തേടിയതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കേസില്‍ വിചാരണ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

രണ്ടാം തവണയാണ് കൊളംബിയന്‍ താരം ഷക്കീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കുറ്റം ചുമത്തുന്നത്. ലാറ്റിന്‍ പോപ്പ് രാജ്ഞി എന്നറിയപ്പെടുന്ന ഷക്കീറ 2012-14 കാലയളവില്‍ നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ട കേസില്‍ ഈ വര്‍ഷം നവംബറില്‍ സ്‌പെയിനില്‍ വിചാരണ നേരിടാനിരിക്കുകയാണ്. എട്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.14.5 മില്യണ്‍ യൂറോ നികുതി വെട്ടിപ്പ് നടത്തിയെന്നതാണ് ആദ്യത്തെ കേസ്.

ഷക്കീറ 2012-14 കാലയളവിന്റെ പകുതിയിലേറെയും സ്‌പെയിനില്‍ ചെലവഴിച്ചുവെന്നും അതിനാല്‍ ഔദ്യോഗിക വസതി ബഹാമാസിലാണെങ്കിലും രാജ്യത്ത് നികുതി അടയ്ക്കേണ്ടതായിരുന്നുവെന്നും ബാഴ്സലോണയിലെ പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ താരത്തിന്റെ എല്ലാ അന്താരാഷ്ട്ര വരുമാനത്തിനും സ്‌പെയിനിലും നികുതി അടക്കണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ നവംബറില്‍ ബാഴ്സലോണയില്‍ ആറ് വ്യത്യസ്ത നികുതി കുറ്റകൃത്യങ്ങളുടെ പേരില്‍ ഷക്കീറ വിചാരണ നേരിടുക. ആരോപണങ്ങളെല്ലാം താരം നിഷേധിച്ചിട്ടുണ്ട്.

 

 

 

 

 

Top