ഇറ്റലിയെ തോല്‍പിച്ച് സ്‌പെയിന്‍ ഫൈനലില്‍; 37 മത്സരങ്ങള്‍ നീണ്ട കുതിപ്പിന് അവസാനം

യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലില്‍ ഇറ്റലിയെ തകര്‍ത്ത് സ്‌പെയിനു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അസൂറികളെ കീഴടക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടിയാണ് അവസാനം കുറിച്ചത്.

37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്‌പെയിനു വേണ്ടി ഫെറാന്‍ ടോറസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലോറന്‍സോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോള്‍ നേടിയത്. 42ആം മിനിട്ടില്‍ ലിയനാര്‍ഡോ ബൊണൂച്ചി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി.

ബോള്‍ പൊസഷന്‍ കൊണ്ട് കളം ഭരിക്കുന സ്‌പെയിനെയാണ് കളിയില്‍ കണ്ടത്. ഇറ്റലിയുടെ ഇടതു വിങിലൂടെ നിരന്തരം ആക്രമണം നടത്തിയ സ്‌പെയിന്‍ 15 ആം മിനിട്ടില്‍ ആദ്യ ഗോള്‍ കണ്ടെത്തി. ഒയര്‍സബാളിന്റെ ക്രോസില്‍ തലവച്ച് ഫെറാന്‍ ടോറസ് സ്‌പെയിനെ മുന്നിലെത്തിച്ചു.

30ആം മിനിട്ടില്‍ ഒരു മഞ്ഞ കാര്‍ഡ് ലഭിച്ച ബൊണൂച്ചി 42ആം മിനിട്ടില്‍ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് ക്ഷീണമായി. ഇതിനു പിന്നാലെ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫെറാന്‍ ടോറസ് രണ്ടാം ഗോള്‍ കണ്ടെത്തി. ആദ്യ ഗോള്‍ പോലെ തന്നെ ഒയര്‍സബാളിന്റെ ക്രോസില്‍ നിന്ന് ഹെഡ് ചെയ്തായിരുന്നു രണ്ടാമത്തെയും ഗോള്‍.

 

Top