SpaceX launches, lands rocket for first time since Sept. blast

ഹിരാകാശ വാഹനങ്ങള്‍ നിര്‍മിക്കുന്ന അമേരിക്കയിലെ സ്വകാര്യ ഏജന്‍സി സ്‌പേസ് എക്‌സ് ഒരു ഇടവേളക്ക് ശേഷം റോക്കറ്റ് വിക്ഷേപണം പുനരാരംഭിച്ചു. കഴിഞ്ഞ സെപ്തംബറില്‍ നടന്ന റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിന് ശേഷം സ്‌പേസ് എക്‌സ് ബഹിരാകാശ പദ്ധതികള്‍ താല്‍കാലികമായി മരവിച്ചിരിക്കുകയായിരുന്നു.

കാലിഫോര്‍ണിയ തീരത്തെ വാന്‍ഡെന്‍ബര്‍ഗ് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ബഹിരാകാശ വാഹനം വഹിക്കുവാന്‍ ശേഷിയുള്ള ഫാല്‍കണ്‍ 9 റോക്കറ്റാണ് വിക്ഷേപണത്തിനായി ഒരുക്കിയിരുന്നത്.

ഇറിഡിയം സാറ്റലൈറ്റ് ഫോണ്‍ കമ്പനിക്ക് വേണ്ടിയുള്ള ഉപഗ്രഹങ്ങളും വഹിച്ചാണ് ഫാല്‍കണ്‍ 9 കുതിച്ചത്.. വിക്ഷേപണം വിജയിച്ചാല്‍ ഇറിഡിയം സാറ്റലൈറ്റ് ഫോണ്‍ സര്‍വീസിന്റെ ഡാറ്റ സ്പീഡ് കൂടുന്നതിനും പുതിയ വിപണികള്‍ സൃഷ്ടിക്കുന്നതിനും സഹായകരമാകും.

അമോസ് 6 എന്ന വാര്‍ത്താ വിനിമയ ഉപഗ്രഹവും വഹിച്ചുള്ള വിക്ഷേപണമാണ് സെപ്തംബറില്‍ പരാജയപ്പെട്ടത്. റോക്കറ്റിന്റെ ഹീലിയം ടാങ്കിനുണ്ടായ തകരാറാണ് സ്‌ഫോടനത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തകരാറുകള്‍ പരീക്ഷിച്ച ശേഷമാണ് സ്‌പേസ് എക്‌സ് പുതിയ വിക്ഷേപണം നടത്തിയത്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ വിജയകരമായി പരീക്ഷിച്ച സ്ഥാപനമാണ് സ്‌പേസ് എക്‌സ്. ബഹിരാകാശ ദൗത്യങ്ങള്‍ ചിലവ് കുറക്കുന്നതിനും ചൊവ്വ ദൌത്യം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് സ്‌പേസ് എക്‌സ് സ്ഥാപിച്ചത്.

Top