മോശം കാലാവസ്ഥ വില്ലനായി; സ്‌പേസ് എക്‌സിന്റെ ആദ്യ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഫ്‌ലോറിഡ: നാസ – സ്‌പേസ് എക്‌സ് ബഹിരാകാശ യാത്ര മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചു.ടേക്കോഫിന് ഇരുപത് മിനിറ്റ് മുന്‍പാണ് ദൗത്യം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. അടുത്ത വിക്ഷേപണം ഇനി ശനിയാഴ്ച വൈകിട്ട് 3.22-ന് (ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.52) നടക്കുമെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചു.

സ്വകാര്യവാഹനത്തില്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്.

ബോബ് ബെങ്കന്‍, ഡഗ്ഗ് ഹര്‍ലി എന്നിവരുമായി ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ശനിയാഴ്ച കുതിച്ചുയരും. സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ബഹുമതി ഇവര്‍ക്ക് സ്വന്തമാകും.

ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.

Top