സ്‌പേസ്എക്‌സ് പാപ്പരായേക്കാമെന്ന മുന്നറിയിപ്പുമായി മേധാവി ഇലോണ്‍ മസ്‌ക്

ഹിരാകാശ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ലോകം പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനികളിലൊന്നാണ് സ്പേസ്എക്സ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്പേസ്എക്സ് കമ്പനിയുടെ മൂല്യം 100.3 ബില്ല്യൻ ഡോളറാണ് (ഏകദേശം 752495.73 കോടി രൂപ). എന്നാൽ, സ്‌പേസ്എക്‌സ് പാപ്പരായേക്കാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. കമ്പനിയിലെ ജോലിക്കാര്‍ക്ക് അയച്ച ഇമെയിലില്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സ്‌പേസ്എക്‌സിന്റെ റാപ്റ്റര്‍ എൻജിനു വേണ്ടി വാരാന്ത്യത്തില്‍ കൂടി ജോലിയെടുക്കണമെന്നും അതിന്റെ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനി പാപ്പരാകാനുള്ള സാധ്യതയുണ്ട് എന്നും അദ്ദേഹം പറയുന്നു. പുതിയ സ്റ്റാര്‍ഷിപ് പേടകം വികസിപ്പിച്ചെടുക്കാൻ വേണ്ടതെല്ലാം അതിവേഗം ചെയ്യണമെന്നും മസ്ക് ജോലിക്കാരോട് ആവശ്യപ്പെടുന്നുണ്ട്.

നിര്‍ഭാഗ്യവശാല്‍ റാപ്റ്റര്‍ നിര്‍മാണ പ്രതിസന്ധി ഏതാനും ആഴ്ച മുൻപ് തോന്നിയതിനേക്കാള്‍ വഷളാണെന്നും അദ്ദേഹം പറയുന്നുണ്ട്. നേരത്തെ കമ്പനിയിലുണ്ടായിരുന്ന സീനിയര്‍ മാനേജർ രാജിവച്ചു പോയതിനു മുൻപ് പ്രശ്‌നങ്ങള്‍ ആഴത്തില്‍ പരിശോധിച്ചിരുന്നു. പ്രശ്‌നങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നതിനേക്കാള്‍ കടുത്തവയാണ്. ഇത് മൂടിവച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം ഇമെയിലിൽ വെളിപ്പെടുത്തുന്നു. സ്റ്റാര്‍ഷിപ്പിന്റെ നിര്‍ണായക ഘടകമാണ് റാപ്റ്ററിന്റെ എൻജിന്‍. സ്റ്റാര്‍ഷിപ്പിലാണ് മനുഷ്യരെയും ചരക്കും ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാന്‍ സ്‌പേസ്എക്‌സ് പദ്ധതിയിടുന്നത്. ഇനി വാരാന്ത്യത്തില്‍ അവധി എടുക്കുന്നതിനു പകരം താനും റാപ്റ്ററിനായി രാത്രിയും പകലും പണിയെടുക്കുമെന്നും മസ്‌ക് പറയുന്നു. വീട്ടിൽ വലിയ പ്രശ്‌നങ്ങളില്ലാത്ത ജോലിക്കാരും ഇതുപോലെ പണിയെടുക്കണം എന്നാണ് മസ്‌ക് തന്റെ മെയിലില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാവരും ഒത്തൊരുമയോടെ ജോലിയെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യത്തിനു റാപ്റ്റര്‍ നിർമിക്കാനാകുന്നില്ലെങ്കില്‍ അത് സ്‌പേസ്എക്‌സിനെ എങ്ങനെ ബാധിക്കുമെന്നും മസ്‌ക് വിശദീകരിക്കുന്നുണ്ട്. ആശ്രയിക്കാവുന്ന തരത്തിലുള്ള റാപ്റ്ററുകള്‍ നിര്‍മിക്കാനായില്ലെങ്കില്‍ നമുക്ക് സ്റ്റാര്‍ഷിപ് മുകളിലേക്ക് വിടാനാവില്ല. എന്നു പറഞ്ഞാല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വി2 ഉയര്‍ത്താനാവില്ല. നിലവിലുള്ള ഫാള്‍ക്കണ്‍ എൻജിന് സാറ്റലൈറ്റ് വി2വിനെ ഉയര്‍ത്താനുള്ള ശേഷിയില്ല. സാറ്റലൈറ്റ് വി1 സാമ്പത്തികമായി ഫലപ്രദമല്ല. എന്നാല്‍ വി2 ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ഷിപ് ആദ്യമായി അടുത്ത വര്‍ഷം ജനുവരിയില്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുമെന്നാണ് നവംബറിൽ മസ്‌ക് പറഞ്ഞിരുന്നത്. അതായത്, ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അടക്കമുള്ള അധികാരികളുടെ അംഗീകാരം കിട്ടിയാല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്‌പേസ്എക്‌സ് സ്റ്റാര്‍ഷിപ്പിനായും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിനായും കോടിക്കണണക്കിന് ഡോളര്‍ സ്വരൂപിക്കുകയും ചെയ്തിരുന്നു.

Top