ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്കായി തുറന്ന് നൽകി ഇന്ത്യ !

ബെംഗളൂരു: സ്വകാര്യ മേഖലയ്ക്കായി ബഹിരാകാശ ഗവേഷണരംഗം തുറന്ന് നല്‍കി ഇന്ത്യ. ഇനി മുതല്‍ വിക്ഷേപണ വാഹന നിര്‍മ്മാണവും ഉപഗ്രഹ നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും കടന്നു വരാമെന്ന് ഇസ്രൊ ചെയര്‍മാന്‍ ഡോ കെ ശിവന്‍ അറിയിച്ചു.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ എറ്റവും സുപ്രധാനമായ മാറ്റത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും, സ്വകാര്യ കമ്പനികള്‍ക്കും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതല്‍ ശക്തമായി ഇടപെടല്‍ നടത്താനാകും. രാജ്യത്തിന്റെ മുഴുവന്‍ ശേഷിയും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഡോ ശിവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്.

തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബഹിരാകാശ മേഖല പുത്തന്‍ ഉണര്‍വുണ്ടാക്കുമെന്നും കൂടതല്‍ ജോലികള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ കെ ശിവന്‍ ഇതോട് കൂടി ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തില്‍ പ്രധാനിയായി മാറുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയ ഇന്‍ സ്‌പേസ് എന്ന പുതിയ ഉന്നതാധികാര സമിതിയായിരുക്കും സ്വകാര്യ മേഖലയുടെ ഇടപെടലുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങളും മാര്‍ഗ നിദ്ദേശങ്ങളും തയ്യാറാക്കുക.

ഒരു ദേശീയ നോഡല്‍ ഏജന്‍സിയെന്ന നിലയിലായിരിക്കും ഇന്‍ സ്‌പേസ് പ്രവര്‍ത്തിക്കുക, സാങ്കേതിക, നിയമ, സുരക്ഷാ വശങ്ങള്‍ക്കായി ഇന്‍ സ്‌പേസിന് പ്രത്യേക ഡയറക്ടറേറ്റുകള്‍ ഉണ്ടാകും. ഇസ്രൊയുടെ സാങ്കേതിക വൈദഗ്ദ്യവും പശ്ചാത്തല സൗകര്യങ്ങളും സ്വകാര്യമേഖലയക്ക് ഉപയോഗപ്പെടുത്താനാവും ഇത് സംബന്ധിച്ച അനുമതികളും ഇന്‍ സ്‌പേസ് വഴിയായിരിക്കും നടക്കുക.

സ്വകാര്യ മേഖലയ്ക്ക് ഇനി ബഹിരാകാശ ഗവേഷണ നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകും, നിലവില്‍ ഇസ്രൊക്കാവശ്യമായ ചില നിര്‍മ്മാണ പ്രവര്‍ത്തികള്‍ സ്വകാര്യമേഖലയില്‍ നടക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങലേക്കുള്ള ദൗത്യങ്ങളിലും സ്വകാര്യമേഖലയ്ക്ക് പങ്കാളികളാകാം.

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന് ചുമതലകളിലും മാറ്റമുണ്ടായിട്ടുണ്ട്. എന്‍എസ്‌ഐലിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വിക്ഷേപണ വാഹന നിര്‍മ്മാണത്തിലടക്കും കൂടുതല്‍ ഇടപെടലുകള്‍ നടത്താനും കമ്പനിയെ പ്രാപ്തമാക്കും. ഇതോടെ ഗവേഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്രൊയ്ക്ക് കഴിയുമെന്ന് ഇസ്രൊ ചെയര്‍മാന്‍ പറഞ്ഞു.

Top