ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. .

ഹിരാകാശ രംഗത്ത് ലോകത്തെ കൊമ്പന്മാര്‍ക്ക് പോലും സഹായങ്ങള്‍ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയതില്‍ ചാന്ദ്രയാന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വിവിധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ അവയുടെ സഞ്ചാര പഥത്തിലെത്തിക്കാന്‍ 2018ല്‍ ഇന്ത്യയുടെ പിഎസ്എല്‍വിയ്ക്കായി. ലോകത്തിലെ പ്രധാന ബഹിരാകാശ ശക്തിയായി രാജ്യം വളര്‍ന്നു കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.

ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ വാണിജ്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരാനൊരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അടുത്ത കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ കൂടുതല്‍ മുന്നോട്ട് പോകണമെങ്കില്‍ സ്വകാര്യ മേഖല പങ്കാളിത്തവും ഉറപ്പു വരുത്തണമെന്നതാണ് പുതിയ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പിനുള്ള ലൈസന്‍സ് നല്‍കുന്നതിനും അവ വേണ്ട വിധം നിരീക്ഷിക്കുന്നതിനും പ്രത്യേക അതോരിറ്റിയെ നിയോഗിക്കും. ലൈസന്‍സ് എടുത്തിരിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തും.

52 പ്രതികരണങ്ങള്‍ ബില്ലിന്റെ കരടിനെ സംബന്ധിച്ച് ഇതു വരെ പരിഗണനയ്ക്ക് വന്നിട്ടുണ്ട്. 15 എണ്ണം പൊതുജന അഭിപ്രായവും ഇന്ത്യന്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രി, ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിന്ന നാല് പ്രതികരണങ്ങളും നിയമ വിഭാഗത്തില്‍ നിന്ന് നാല് പ്രതികരണങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിയമ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, വിവിധ കമ്പനികള്‍ തുടങ്ങി നിരവധി ആളുകളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഈ അഭിപ്രായങ്ങളില്‍ ബില്ലിലെ പരാമര്‍ശങ്ങളില്‍ അതൃപ്തിയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലൈസന്‍സിങിനെ സംബന്ധിക്കുന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്ന ഘടകം. ഒബ്‌സര്‍വ് റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാജേശ്വരി രാജഗോപാലന്റെ അഭിപ്രായത്തില്‍ ഈ രംഗത്തെ വാണിജ്യവല്‍ക്കരണം പുതിയ വിക്ഷേപ സാധ്യതകള്‍ക്ക് വഴിവെക്കുന്നവയാണ്. നിലവില്‍ ഐഎസ്ആര്‍ഒ രാജ്യത്തെ വിവരസാങ്കേതിക മേഖല, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ ലോകത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പു വരുത്തുന്നത് വികസന കാര്യത്തില്‍ രാജ്യാന്തര തലത്തില്‍ ഏറെ മുന്നോട്ട് പോകാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ലോഞ്ചറുകളും മറ്റ് സൗകര്യങ്ങളും ഉള്ള രാജ്യമാണ് ഇന്ത്യ. വികസിത രാജ്യങ്ങള്‍ പോലും ബഹിരാകാശ ഗവേഷണ രംഗത്തും ഉപഗ്രഹ വിക്ഷേപണത്തിനും ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. അതിനാല്‍, സ്വകാര്യ പങ്കാളിത്തം കൂടി കൊണ്ട് വരുന്നതിനാല്‍ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

അമേരിക്കയുടെ നാസ ഭൂമിയുടെ കാവല്‍ക്കാരായി നില്‍ക്കുന്നു എന്ന് വേണം പറയാന്‍, നാസയുടെ ഈ നേട്ടത്തിന് പിന്നില്‍ സ്‌പെയ്‌സ് എക്‌സ് എന്ന സ്വകാര്യ കമ്പനിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ സ്ഥാപനത്തിന്റെ വലിയ പിന്തുണയിലാണ് ഇന്ന് ബഹിരാകാശ ഗവേഷണ രംഗത്ത് നാസ രാജാവായി നിലനില്‍ക്കുന്നത്.

ബഹിരാകാശ രംഗത്ത് എന്ന് മാത്രം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഏതൊക്കെ മേഖല എന്ന് വ്യക്തമാക്കുന്നില്ല എന്നതാണ് ഒരു പ്രശ്‌നം. ജിപിഎസ് സര്‍വ്വീസുകള്‍ക്ക് പ്രത്യേക ലൈസന്‍സ് വേണമെന്നത് ഗൂഗിള്‍ മാപ്പ്, ഒല, യൂബര്‍ സംവിധാനങ്ങളെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ സാമ്പത്തിക മേഖലയെയും സുരക്ഷയെയും എങ്ങനെ ബില്‍ ബാധിക്കും എന്ന വിശദമായ പരിശോധന ആവശ്യമാണ്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top