എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ശ്രീധരന്‍ പിള്ള പരാതി നല്‍കി

ന്യൂഡല്‍ഹി: എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണു പരാതി.

ബുധനാഴ്ച ശബരിമല സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ മന്ത്രിയും എസ്പിയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എന്തുകൊണ്ടു കടത്തിവിടുന്നില്ലെന്ന് മന്ത്രി ചോദിച്ചിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം താങ്കള്‍ ഏറ്റെടുക്കുമോ എന്നായിരുന്നു എസ്പിയുടെ മറുചോദ്യം.

ഇതിനു പിന്നാലെ മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് തട്ടിക്കയറുകയും ചെയ്തു. യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കുമെന്ന് എ.എന്‍. രാധാകൃഷ്ണനും അറിയിച്ചിട്ടുണ്ട്.

Top