വയനാട്ടില്‍ ഇന്ന് രണ്ടു പൊലീസുകാര്‍ക്ക് കോവിഡ്; എസ്പി ക്വാറന്റൈനില്‍

വയനാട്: വയനാട്ടില്‍ ഇന്ന് രണ്ടു പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന എസ്പി അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 50 പൊലീസുകാര്‍ നിരീക്ഷണത്തിലായപ്പോള്‍ ഡിവൈഎസ്പിയുടെ പരിശോധനാഫലം ഇന്ന് വരും. എസ്പി ഉള്‍പ്പെടെ 24 പോലീസുകാരാണ് ക്വാറന്റൈനിലായത്.

അതേസമയം ഇത് ഔദ്യോഗിക റിപ്പോര്‍ട്ട് അല്ലെന്നും കരുതല്‍ നടപടിയുടെ ഭാഗമാണെന്നുമാണ് പൊലീസ് പറയുന്നത്. രോഗം സ്ഥിരീകരിച്ച പോലീസുകാര്‍ ജോലി ചെയ്ത മാനന്തവാടി പൊലീസ് സ്റ്റേഷനിലെ എല്ലാവരുടേയും സാമ്പിളുകള്‍ നേരത്തേ പരിശോധനയ്ക്ക് അയച്ചിരുന്നു.

നാളെമുതല്‍ സ്റ്റേഷനിലേക്ക് പൊതുജനങ്ങളെ കയറ്റി വിടില്ല. പരാതികള്‍ ഇ മെയില്‍ വഴിയോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ നല്‍കേണ്ടി വരും. ഒഴിവാക്കാനാകാത്ത നടപടികള്‍ക്കായി പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും ഉണ്ടാകും. നാളെ മുതല്‍ സ്റ്റേഷന്‍ അണുവിമുക്തമാക്കുന്ന നടപടികളും തുടങ്ങും. അതേസമയം വയനാട്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് പത്ത് പേര്‍ക്കാണ്.

പത്തുപേരും കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും രോഗം ബാധിച്ച ട്രക്ക് ഡ്രൈവറുമായി സമ്പര്‍ക്കത്തില്‍ പെട്ടവരാണ്. നേരത്തേ ഇയാളില്‍ നിന്നും മലപ്പുറം, കണ്ണൂര്‍ സ്വദേശികളായ രണ്ടു പൊലീസുകാര്‍ക്ക് രോഗം പിടിപെട്ടിരുന്നു.

ഇതാദ്യമാണ് സംസ്ഥാനത്ത് പൊലീസിന് രോഗം പിടിപെടുന്നത്. ട്രക്ക് ഡ്രൈവറില്‍ നിന്നും മകളും പേരക്കുട്ടിയും അടക്കം വീട്ടിലെ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം നാലുപേര്‍ക്കാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇതുവരെ 15 പേര്‍ക്ക് രോഗം പിടിച്ചതില്‍ 12 പേര്‍ ചികിത്സയിലാണ്. മൂന്ന് പേര്‍ മടങ്ങിയപ്പോള്‍ ഒമ്പത് പേര്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.

Top