നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ഡോ.കഫീല്‍ഖാനെ സ്ഥാനാര്‍ത്ഥിയാക്കി എസ്പി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഡോ. കഫീല്‍ ഖാനെ മത്സരിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചു. കഫീല്‍ ഖാന്‍ ഡിയോറിയ-കുശിനഗര്‍ സീറ്റിലാണ് മത്സരിക്കുക. സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി രാജേന്ദ്ര ചൗധരി കഫീല്‍ ഖാന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചു. 36 നിയമസഭാ കൗണ്‍സില്‍ സീറ്റുകളിലേക്കായി ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. 12നാണ് വോട്ടെണ്ണല്‍. 2016ല്‍ എസ്പിയുടെ രാമവധ് യാദവ് മത്സരിച്ച സീറ്റാണ് ഡിയോറിയ-കുശിനഗര്‍ സീറ്റ്.

അതിനിടെ, കഫീല്‍ ഖാന്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഖൊരക്പൂര്‍ ആശുപത്രി ദുരന്തത്തെക്കുറിച്ച് അദ്ദേഹം രചിച്ച പുസ്തകം ദി ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി സമ്മാനിക്കുകയും ചെയ്തു.

2017ല്‍ ഖൊരക്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കേസില്‍ ആരോപണവിധേയനായിരുന്നു ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍. ഈ കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിരന്തരം വേട്ടയാടിയിരുന്നു. അദ്ദേഹത്തെ നിയമനിര്‍മാണ സഭയിലെത്തിക്കുന്നതിലൂടെ ഭരണകക്ഷിക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് അഖിലേഷ് ആഗ്രഹിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഫീല്‍ ഖാന്‍ കഴിഞ്ഞ യോഗി സര്‍ക്കാരിന്റെ വിമര്‍ശകന്‍ കൂടിയായിരുന്നു.

Top