നരേന്ദ്ര മോദിക്ക് ലഡുവും കുർത്തയും, മമത ന്യൂനപക്ഷങ്ങളെ ശരിക്കും പറ്റിച്ചു !

കോണ്‍ഗ്രസ്സ് ഒരുക്കിയ ചതിക്കുഴിയില്‍ വീഴാതെ തന്ത്രപരമായ നിലപാട് സ്വീകരിച്ച് എസ്.പി-ബി.എസ്.പി സഖ്യം.

എസ്.പി-ബി.എസ്.പി പാര്‍ട്ടികളുടെ പിന്തുണയോടെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് പ്രതിപക്ഷ മഹാസഖ്യം പൊളിച്ചടുക്കിയത്.

ഇതുവഴി യു.പിയില്‍ മൊത്തത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാമെന്നതായിരുന്നു കോണ്‍ഗ്രസ്സ് കണക്കു കൂട്ടല്‍.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുന്നതോടെ മത്സരം കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലായി ചിത്രീകരിക്കപ്പെടുമെന്നും, ഇത് മതേതര സഖ്യത്തിന്റെ അടിവേരിളക്കുമെന്നും എസ്.പി-ബി.എസ്.പി സഖ്യം തിരിച്ചറിയുകയായിരുന്നു.

ബി.ജെ.പിക്ക് വീണ്ടും യു.പി തൂത്ത് വാരാന്‍ ഇടയാക്കുന്ന ആ സാഹചര്യം ഒഴിവാക്കി പ്രിയങ്കക്ക് മുന്നില്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍ മായാവതിയും അഖിലേഷ് യാദവും.

മുന്‍ കോണ്‍ഗ്രസ്സുകാരിയായ ശാലിനി യാദവാണ് വാരണാസിയിലെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. 2007ല്‍ വാരണാസിയില്‍ കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശാലിനി ഒന്നേകാല്‍ ലക്ഷത്തോളം വോട്ട് നേടിയിരുന്നു. മഹാസഖ്യത്തിലെ സീറ്റ് ധാരണ പ്രകാരം എസ്.പിക്കാണ് ഇവിടെ സീറ്റ് നീക്കിവെച്ചിരുന്നത്. എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവാണ് ശാലിനിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രിയങ്ക വന്നിട്ടും യു.പിയില്‍ ഒരു ഉണര്‍വ്വും സംഘടനാ തലത്തില്‍ പോലും കോണ്‍ഗ്രസിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ശാലിനിയുടെ കൂട് മാറ്റം.

പ്രിയങ്കയ്ക്ക് ചുമതല നല്‍കിയ കിഴക്കന്‍ യു.പിയിലെ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ഇനി മത്സരം നടക്കാനിരിക്കെയാണ് മഹാസഖ്യം അപ്രതീക്ഷിത നീക്കം നടത്തിയത്.

യു.പിയിലെ 80 സീറ്റുകളില്‍ 73 ലും മത്സരിച്ച് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ്സ് നീക്കത്തിനുള്ള തിരിച്ചടി കൂടിയായാണ് വാരണാസിയിലെ തീരുമാനം വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്നും 75,000 വോട്ട് മാത്രമാണ് കോണ്‍ഗ്രസ്സിന് നേടാന്‍ കഴിഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ ഇനി പ്രിയങ്ക ഒറ്റക്ക് മത്സരിക്കാനുള്ള സാധ്യത കുറവാണ്. അഥവാ സാഹസം കാട്ടാന്‍ തുനിഞ്ഞാല്‍ അത് ആത്മഹത്യാപരവുമാകും.

എസ്.പി-ബി.എസ്.പി സഖ്യവുമായി കോണ്‍ഗ്രസ്സ് ഒരു ധാരണയിലെത്തി സഖ്യമായി മത്സരിക്കുകയായിരുന്നു എങ്കില്‍ യു.പിയിലെ ചിത്രം തന്നെ മാറുമായിരുന്നു. വാരണാസിയില്‍ മോദിയെ സമ്മര്‍ദ്ദത്തിലാക്കാനും ഈ സഖ്യത്തിന് കഴിയുമെന്ന കാര്യവും ഉറപ്പാണ്. എന്നാല്‍ എടുത്ത് ചാടി എടുത്ത തീരുമാനങ്ങള്‍ കോണ്‍ഗ്രസ്സിന് തന്നെ ഇപ്പോള്‍ വിനയായിരിക്കുകയാണ്.

ഒറ്റക്ക് യു.പിയില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ്സ് തീരുമാനം ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിയാല്‍ അതിനും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇനി മറുപടി പറയേണ്ടി വരും.

പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പില്‍, പല സംസ്ഥാനത്തും കോണ്‍ഗ്രസ്സിന്റെ നിലപാടാണ് ബി.ജെ.പിക്ക് പ്രതീക്ഷ പകരുന്നത്. യു.പി, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രതിപക്ഷസഖ്യം തകര്‍ത്തത് കോണ്‍ഗ്രസ്സ് നിലപാട് മൂലമാണ്. മോദിയുടെ രണ്ടാം ഊഴം എങ്ങാന്‍ സാധ്യമായാല്‍ അതിന് ബി.ജെ.പി കടപ്പെട്ടിരിക്കുന്നതും കോണ്‍ഗ്രസ്സിനോട് മാത്രമായിരിക്കും.

മൂന്നാം ചേരി കൂടുതല്‍ സീറ്റുകള്‍ നേടി കരുത്താര്‍ജിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന ഭയമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ഈ ആശങ്കയായിരിക്കും ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

അതേസമയം, കോണ്‍ഗ്രസ്സ് നിലപാടുകള്‍ വകവയ്ക്കാതെ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് എസ്.പി-ബി.എസ്.പി സഖ്യം യു.പിയില്‍ നടത്തി വരുന്നത്. അഖിലേഷും മായാവതിയും മാത്രമല്ല സാക്ഷാല്‍ മുലയംസിങ് യാദവും സജീവമായി രംഗത്തുണ്ട്. ദളിത് -യാദവ പിന്നോക്ക വോട്ടുകളുടെ ബലത്തില്‍ നേട്ടം കൊയ്യാന്‍ കഴിയുമെന്നാണ് എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ പ്രതീക്ഷ.

കോണ്‍ഗ്രസ്സുമായി സഖ്യധാരണ പൊളിഞ്ഞതോടെ ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരിട്ടാണ് മൂന്ന് സംസ്ഥാനങ്ങളിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇതിനിടെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും ലഡുവും കുര്‍ത്തയും കൊടുത്തയക്കാറുണ്ടെന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് ഇത് പറയുന്നത് ദോഷമാണെങ്കിലും വെളിപ്പെടുത്തുകയാണെന്ന് നടന്‍ അക്ഷയ കുമാറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോദി പറഞ്ഞത്.

ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം മമത ബി.ജെ.പി പാളയത്തില്‍ എത്താനുള്ള സാധ്യത തുറന്നിടുന്നതാണ് ഈ പ്രതികരണം. ‘മോദീ പക’ നിലനിര്‍ത്തി വോട്ട് തേടാനുള്ള രാഷ്ട്രീയ നാടകം മാത്രമായിരുന്നു മമത ബംഗാളില്‍ പയറ്റിയതെന്ന ആരോപണത്തിന് സാധൂകരണം നല്‍കുന്നതാണ് ഈ മറുപടി. മുന്‍ എന്‍.ഡി.എ സര്‍ക്കാറിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് സജീവ പങ്കാളിയായിരുന്നു. ചെങ്കൊടിയെ വിട്ട് മമതയോട് മമത കാട്ടിയ ബംഗാളിലെ മതന്യൂനപക്ഷങ്ങളാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.

political reporter

Top