പ്രതിപക്ഷ മഹാസഖ്യത്തെ തകർത്തത് ബി.ജെ.പിയുടെ തന്ത്രപരമായ നീക്കങ്ങൾ !

പ്രതിപക്ഷ കക്ഷികളെ നിഷ്‌കാസനം ചെയ്യാന്‍ ബി.ജെ.പിക്കുള്ളത് രഹസ്യ അജണ്ട. ഈ അജണ്ടയാണ് യു.പിയിലെ മഹാസഖ്യത്തിന്റെ തകര്‍ച്ചയിലൂടെ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ബി.എസ്.പി- എസ്.പി- രാഷ്ട്രീയ ലോക് ദള്‍ സഖ്യത്തെ കാവി രാഷ്ട്രീയമുയര്‍ത്തിയാണ് ബി.ജെ.പി നേരിട്ടിരുന്നത്. യാദവ- പിന്നോക്ക വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ നടത്തിയ അതേ ശ്രമമാണ് സഖ്യം തകര്‍ക്കുന്നതിലും നടത്തിയിരിക്കുന്നത്. എസ്.പിയുമായുള്ള സഖ്യം വേണ്ടെന്ന് മായാവതി തീരുമാനിക്കാന്‍ കാരണം ബി.എസ്.പി നേതാക്കളുടെ സമ്മര്‍ദ്ദഫലമായിരുന്നു. വിവിധ പിന്നോക്ക സംഘടനകളും ഇക്കാര്യത്തില്‍ ബി.എസ്.പി നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനു പിന്നില്‍ ബി.ജെ.പി നേതൃത്വമാണെന്നാണ് സൂചന. മായാവതി പോലും അറിയാതെ ആ പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന സാഹചര്യത്തെ രാഷ്ട്രിയ നിരീക്ഷകരും അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.

ഉടന്‍ തന്നെ നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുന്‍പുള്ള ഈ വേര്‍പിരിയല്‍ ബി.ജെ.പിയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. മോദി തരംഗത്തില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും നിയമസഭയില്‍ ജയിക്കാന്‍ അതുമാത്രം പോര. ഇക്കാര്യം ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ ശരിക്കും ബോധ്യമാണ്. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച തന്നെയാണ് ബി.ജെ.പി ഇവിടെ ലക്ഷ്യമിടുന്നത്.

11 നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റാല്‍ ഇപ്പോഴത്തെ വിജയതിളക്കം നഷ്ടമാകും. പ്രതിപക്ഷത്തിന് അത് കരുത്താവുകയും ചെയ്യും. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ബി.ജെ.പിയുടെ ഇടപെടല്‍. മഹാസഖ്യവുമായി മുന്നോട്ട് പോയാല്‍ കേന്ദ്രം പകപോക്കല്‍ നടത്തുമെന്ന ഭയവും മായവതിക്കുണ്ടായിരുന്നു. ഇതും അവരുടെ നിലപാടിനെ സ്വാധീനിച്ച ഘടകമാണ്.

രാജ്യസഭയിലെ അംഗത്വം വര്‍ദ്ധിപ്പിക്കുവാന്‍ യു.പിയില്‍ മഹാസഖ്യം തകര്‍ന്നത് ബി.ജെ.പിയെ സംബന്ധിച്ച് ഇനി നേട്ടമാകും. എം.എല്‍.എമാരുടെ കണക്കുകള്‍ കൂട്ടി ഒരുമിച്ച് നില്‍ക്കാന്‍ നേരത്തെ എസ്.പി- ബി.എസ്.പി പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. സഖ്യം തകര്‍ന്നതോടെ ബി.ജെ.പിക്ക് കൂടുതല്‍ പേരെ യുപിയില്‍ നിന്നും രാജ്യസഭയിലേക്ക് അയക്കാന്‍ കഴിയും.

യു.പി പിടിച്ച് പ്രധാനമന്ത്രി പദം സ്വപ്നം കണ്ട മായാവതിയും കിങ്‌മേക്കറാവാന്‍ തുനിഞ്ഞിറങ്ങിയ അഖിലേഷ് യാദവും അടിതെറ്റി വീണതിനു പിന്നാലെ തമ്മില്‍ തല്ലിപ്പിരിയുന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത്. ഇരു പാര്‍ട്ടി നേതാക്കളും പരസ്പരം ചെളിവാരി എറിയുകയാണ് ചെയ്യുന്നത്. തങ്ങളില്ലായിരുന്നു എങ്കില്‍ ഒരു സീറ്റു പോലും ബിജെപിക്ക് കിട്ടില്ലായിരുന്നു എന്നാണ് എസ്.പി നേത്യത്വം തുറന്നടിക്കുന്നത്. എസ്.പിയോടൊപ്പം കൂടിയതാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഇതിന് ബി.എസ്.പി നല്‍കുന്ന മറുപടി.

80 സീറ്റുള്ള യു.പി പിടിക്കുന്നവര്‍ ഇന്ത്യഭരിക്കുമെന്ന പ്രവചനം ശരിവയ്ക്കുന്നതാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രം. 2014ല്‍ 80തില്‍ 73 സീറ്റും പിടിച്ച ബി.ജെ.പി സഖ്യത്തെ പ്രതിപക്ഷ മഹാസഖ്യം തകര്‍ക്കുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായശേഷം ലോക്‌സഭയിലേക്കു നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ സഖ്യം വന്‍വിജയം നേടിയത് ചൂണ്ടികാട്ടിയായിരുന്നു ഈ വിലയിരുത്തല്‍. എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും രാഷ്ട്രീയ ലോക്ദളും ഒരുമിച്ചതോടെ മൂന്നു ലക്ഷത്തിലേറെ വോട്ടിന് യോഗി വിജയിച്ച ഖൊരക്പൂരിലും ഫുല്‍പൂരിലും എസ്.പിയും കയിരാന മണ്ഡലത്തില്‍ രാഷ്ട്രീയ ലോക്ദളും അട്ടിമറി വിജയം നേടിയിരുന്നു.

എന്നാല്‍ ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ സകല കണക്കു കൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു ബിജെപിയുടെ നീക്കങ്ങള്‍. സീറ്റ് വിഭജനത്തിലെ തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്നും പുറത്താക്കിയതോടെ ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ധിച്ചു.മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചും ദേശീയ വികാരം ഉയര്‍ത്തിയും ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ള മോഡിയുടെ നീക്കങ്ങളും യു.പിയില്‍ വിജയം കണ്ടു.
യു.പിയിലെ ആകെയുള്ള 80 സീറ്റുകളില്‍ 62 സീറ്റുകളും ബി.ജെ.പി നേടിയപ്പോള്‍ മഹാസഖ്യത്തിന് ലഭിച്ചത് 15 സീറ്റും കോണ്‍ഗ്രസിന് കിട്ടിയത് സോണിയയുടെ റായ്ബറേലിയും മാത്രമായിരുന്നു. മഹാസഖ്യത്തില്‍ 10 സീറ്റ് ബി.എസ്.പിക്ക് ലഭിച്ചപ്പോള്‍ എസ്.പിക്ക് 5 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസിന് നെഹ്‌റു കുടുംബത്തിന്റെ കോട്ടയായ അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ പതനം തികച്ചും അപ്രതീക്ഷിതമായിരുന്നു.

രാഹുല്‍ഗാന്ധി പ്രധാന പ്രചാരകനായപ്പോള്‍ തനിച്ച് മത്സരിച്ച് 2009തില്‍ 21 സീറ്റുമായി മിന്നുന്ന മുന്നേറ്റം യുപിയില്‍ കാഴ്ചവെച്ച കോണ്‍ഗ്രസിനാണ് ഒറ്റ സീറ്റെന്ന ദയനീയ പതനം ഇപ്പോള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.

2014ല്‍ എസ്.പിയുമായി സഖ്യമുണ്ടായപ്പോള്‍ പല സീറ്റുകളും കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. അന്ന് വിട്ടുവീഴ്ചകള്‍ നടത്തിയ കോണ്‍ഗ്രസിന് രാഹുല്‍ഗാന്ധിയുടെ അമേഠിയിലും സോണിയാഗാന്ധിയുടെ റായ്ബറേലിയിലും മാത്രമേ വിജയിക്കാനായിരുന്നുള്ളൂ.

എസ്.പി അഞ്ച് സീറ്റിലേക്കു ഒതുങ്ങിയപ്പോള്‍ മായാവതിയുടെ ബി.എസ്.പിക്ക് ഒറ്റ സീറ്റുപോലും നേരിടാനാവാത്ത സംപൂജ്യ പരാജയമായിരുന്നു ആ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നിരുന്നത്. കോണ്‍ഗ്രസ് സഖ്യത്തില്‍ അന്ന് ലഭിച്ച അഞ്ചു സീറ്റുമാത്രമാണ് എസ്.പിക്ക് ഇത്തവണയും ലഭിച്ചിരിക്കുന്നത്. മഹാസഖ്യം മായാവതിക്കും അഖിലേഷിനും അജിത് സിങിനും മൊത്തം നഷ്ടക്കച്ചവടമായാണ് മാറിയിരിക്കുന്നത്.

മുലായംസിങ് യാദവും ശിവ്പാല്‍ യാദവും ഇടഞ്ഞതോടെ യാദവ വോട്ടുകള്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥികള്‍ക്ക് നേടിക്കൊടുക്കാന്‍ അഖിലേഷിനു കഴിഞ്ഞില്ല. ദലിത് വോട്ടുകളില്‍ നല്ലൊരു പങ്ക് എസ്.പിക്ക് ലഭിച്ചതുമില്ല. മുസ്ലിം, ദലിത്, ആദിവാസി വോട്ടുകളില്‍ ഒരു പങ്ക് കോണ്‍ഗ്രസും കൊണ്ടുപോയി. അജിത് സിങിന്റെ ജാട്ട് വോട്ടു ബാങ്കിലും വിള്ളലുണ്ടായി. അതേസമയം വാരണാസിയില്‍ മത്സരിച്ച മോഡി ബാലകോട്ടിലെ മിന്നലാക്രമണം പ്രചരണായുധമാക്കി ജാതി വോട്ട് ബാങ്കുകളില്‍ വലിയ വിള്ളലുണ്ടാക്കി, ഇത് ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനാണ് വഴിയൊരുക്കിയത്. ഈ നീക്കം മനസിലാക്കാനോ തടയിടാനോ മഹാസഖ്യത്തിനു കഴിഞ്ഞിരുന്നില്ല. ഇതാണ് അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് കാരണമായത്.

ആറു മാസത്തിനകം 11 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് വരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച 11 നിയമസഭാംഗങ്ങള്‍ രാജിവെക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ഒമ്പത് പേര്‍ ബി.ജെ.പിയില്‍ നിന്നും ഓരോ സീറ്റ് എസ്.പിയുടെയും ബി.എസ്.പിയുടെയുമാണ്.
എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും തനിച്ചു മത്സരിക്കുന്നതോടെ 11 മണ്ഡലങ്ങളിലും ബി.ജെ.പി വിജയ പ്രതീക്ഷയിലാണ്.

Top