അഖിലേഷും രാഹുലും കൈകോർക്കും, രഹസ്യ ധാരണ അണിയറയിൽ . . .

രാജ്യം ആരു ഭരിക്കുമെന്ന് വിധിയെഴുതുന്ന ഉത്തര്‍പ്രദേശില്‍ സഖ്യമില്ലാതെ പരസ്പരം പോര്‍മുഖം തുറന്ന് മത്സരിക്കുന്ന കോണ്‍ഗ്രസും എസ്.പിയും അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദളും തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യംമുന്നില്‍ക്കണ്ടുള്ള ധാരണയില്‍.

മായാവതിയുടെ ബി.എസ്.പിയാവട്ടെ ബി.ജെ.പിയെപ്പോലെ കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുമ്പോഴാണ് അഖിലേഷും അജിത്‌സിങും കോണ്‍ഗ്രസുമായി സൗഹൃദ മത്സരം നടത്തുന്നത്.

80 ലോക്‌സഭാംഗങ്ങളെ പാര്‍ലമെന്റിലേക്കയക്കുന്ന യു.പി, ബി.ജെ.പിക്കും മഹാസഖ്യത്തിനും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. കഴിഞ്ഞ തവണ 80 സീറ്റില്‍ 73 സീറ്റും നേടിയ എന്‍.ഡി.എ ഇത്തവണ പിന്നോക്കം പോയാല്‍ മോഡിയുടെ പ്രധാനമന്ത്രി സ്ഥാനത്തിന് തിരിച്ചടിയാവും.

അഞ്ച് സീറ്റ് ലഭിച്ച എസ്.പിക്കും രണ്ടു സീറ്റുള്ള കോണ്‍ഗ്രസിനും ഒരു സീറ്റും ലഭിക്കാത്ത ബി.എസ്.പിക്കും കൂടുതല്‍ നേടുന്ന സീറ്റുകളായിരിക്കും വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുക.

മഹാസഖ്യവും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. മതേതരവോട്ടുകള്‍ ഭിന്നിക്കുന്നതോടെ എളുപ്പത്തില്‍ വിജയിച്ചുകയറാമെന്ന കണക്കുകൂട്ടലാണ് ബി.ജെ.പി. എന്നാല്‍ ശക്തികേന്ദ്രങ്ങളില്‍ പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് കോണ്‍ഗ്രസും അഖിലേഷും അജിത്‌സിങും മത്സരിക്കുന്നത്.

sp bsp

രാഹുല്‍ മത്സരിക്കുന്ന അമേഠിയിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും മത്സരരംഗത്തുനിന്നും എസ്.പിയും ആര്‍.എല്‍.ഡിയും വിട്ടു നില്‍ക്കുകയാണ്. രണ്ടു മണ്ഡലത്തിലും ഇവരുടെ വോട്ട് കൈപ്പത്തിക്കായിരിക്കും. രാഷ്ട്രീയ ലോക്ദളിന്റെയും എസ്.പിയുടെയും പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസ് പ്രത്യുപകാരവും ചെയ്യുന്നുണ്ട്.

ആര്‍.എല്‍.ഡി നേതാക്കളായ അജിത് സിങും മകന്‍ ജയന്ത് ചൗധരിയും മത്സരിക്കുന്ന മുസഫര്‍ നഗര്‍, ഭാഗ്പത് മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് മേല്‍ക്കെ ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. മുലായംസിങ്, അഖിലേഷ് യാദവ്, അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ എന്നിവരുടെ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുന്നില്ല.

മുലായത്തിന്റെ മരുമകന്‍ ധര്‍മേന്ദ്രയാദവ് മത്സരിക്കുന്ന ബദായുനില്‍ സൗഹൃദമത്സരമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. 2014ല്‍ ബി.ജെ.പി തരംഗം ആഞ്ഞടിച്ചപ്പോള്‍ എസ്.പിക്കൊപ്പം ഉറച്ചുനിന്ന കോട്ടയില്‍, കോണ്‍ഗ്രസ് മത്സരിച്ചാലും ജയം എസ്.പിക്കൊപ്പമായിരിക്കും.

പടിഞ്ഞാറന്‍ യു.പിയില്‍ മൊറാദാബാദില്‍ മാത്രമാണ് കോണ്‍ഗ്രസും എസ്.പിയും നേര്‍ക്കുനേര്‍ മത്സരം വരുന്നത്. കോണ്‍ഗ്രസിലെ പ്രതാപ് ഗാര്‍ഹിയും എസ്.പിയിലെ എസ്.ടി ഹസനും ഇവിടെ ന്യൂനപക്ഷ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് മത്സരിക്കുന്നു.

രാഹുല്‍, സോണിയ ശക്തികേന്ദ്രങ്ങളായ അമേഠി, റായ്ബറേലി എന്നിവക്കടുത്തുള്ള ചില മണ്ഡലങ്ങളിലും എസ്.പി വോട്ട് കോണ്‍ഗ്രസിനാണ്. എന്നാല്‍ കോണ്‍ഗ്രസുമായി ഒരുമയവുമില്ലാത്ത മത്സരമാണ് മായാവതിയുടേത്.

ഉന്നാവയിലെ ബി.ജെ.പിയുടെ സാക്ഷി മഹാരാജിനെതിരെ ശക്തനായ അനു ടാണ്ഡനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ഇവിടെ സവര്‍ണ സ്ഥാനാര്‍ത്ഥിയെയാണ് ബി.എസ്.പി രംഗത്തിറക്കിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനാണ് തിരിച്ചടിയാവുക.

സഹാരന്‍പൂരുള്‍പ്പെടെ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള പടിഞ്ഞാറന്‍ യു.പിയിലെ ഏതാനും മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് മായാവതി ഇറക്കിയിട്ടുള്ളത്.

മായാവതിയുടെ ഭീഷണി ഭയന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പിയില്‍ കോണ്‍ഗ്രസിനായി ശക്തമായ പ്രചരണമാണ് നടത്തുന്നത്. അതേസമയം, ബി.എസ്.പിയുടെ ദളിത് വോട്ട് ബാങ്കില്‍ പ്രിയങ്ക വിള്ളല്‍വീഴ്ത്തുമെന്ന ആശങ്ക മായാവതിയ്ക്കിപ്പോഴുണ്ട്.

തനിച്ചു മത്സരിച്ച 2009തില്‍ 21 സീറ്റുമായി യു.പിയില്‍ മിന്നുന്ന മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. എന്നാല്‍ 2014ല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടായപ്പോള്‍ പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വന്നിരുന്നു.

വിട്ടുവീഴ്ചകള്‍ നടത്തിയ കോണ്‍ഗ്രസിന് രാഹുല്‍ഗാന്ധിയുടെ അമേഠിയിലും സോണിയാഗാന്ധിയുടെ റായ്ബറേലിയിലും മാത്രമേ വിജയിക്കാനായുള്ളൂ. പരമ്പരാഗത ദലിത്, മുസ്ലിം വോട്ടുബാങ്കുകള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തി വരുന്നത്.

Top