പുതിയ സഖ്യത്തില്‍ ഇരു അണികള്‍ക്കും ആശങ്ക, യു.പി യില്‍ അടിപതറുമെന്ന് . . .

ഹാസഖ്യമുണ്ടാക്കി യു.പി തൂത്തുവാരാൻ ശ്രമിക്കുന്ന എസ്.പി – ബി.എസ്.പി നേതൃത്വത്തിന് തലവേദനയായി സ്ഥാന മോഹികൾ.

രണ്ടു പാർട്ടികളിലെയും സ്ഥാനമോഹികളെ സംബന്ധിച്ച് ഇപ്പോൾ ത്രിശങ്കുവിലായ അവസ്ഥയിലാണ്. 38 സീറ്റു വീതം പകുത്തെടുക്കുമ്പോൾ ബാക്കി 42 സീറ്റിൽ സ്ഥാനാർത്ഥികളാകാതെ തഴയപ്പെടുന്നവർ കലാപക്കൊടി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ.

സീറ്റ് വീതം വയ്പ് സംബന്ധിച്ച വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ഇരു പാർട്ടികളിലെയും പ്രബല വിഭാഗം. ഈ ഭിന്നത വരും ദിവസങ്ങളിൽ പൊട്ടിതെറിയിൽ കലാശിക്കാനാണ് സാധ്യത.

കടുത്ത വൈരാഗ്യം എസ്.പി – ബി.എസ്.പി അണികൾക്കിടയിൽ യു.പി യിൽ നിലനിൽക്കുന്നുണ്ട്. ലോകസഭ ഉപതിരഞ്ഞെടുപ്പിലെ ധാരണ വിജയത്തിലെത്തിയത് കണ്ട് സഖ്യമായാൽ ‘പണി’ കിട്ടുമെന്നാണ് പ്രാദേശിക നേതാക്കൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്. നേതാക്കൾ തമ്മിൽ ഉണ്ടാക്കിയ സഖ്യം അണികളും പാർട്ടിക്ക് വോട്ട് ചെയ്യുന്ന ജനങ്ങളും അംഗീകരിക്കണമല്ലോ എന്ന ചോദ്യം മായാവതിയും അഖിലേഷ് യാദവും ഇപ്പോൾ നേരിടുന്നുണ്ട്.

ദളിത് – പിന്നോക്ക – ന്യൂനപക്ഷ വോട്ട്ബാങ്കുകളുടെ ഏകീകരണത്തിലൂടെ കാവി രാഷ്ട്രീയത്തിന് വിരാമമിടാനാണ് മഹാസഖ്യം യു.പിയിൽ പിറവിയെടുത്തത്.

എസ്.പി – ബി.എസ്.പി സഖ്യത്തിന് 2014 ലെ വോട്ടിങ്ങ് ശതമാനം പരിശോധിച്ചാൽ തന്നെ 50 ഓളം മണ്ഡലങ്ങളിൽ ജയിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.വിജയ പ്രതീക്ഷയിൽ ബി.ജെ.പിയെ ഒറ്റസംഖ്യയിൽ ഒതുക്കുമെന്ന് മുന്നറിയിപ്പ് നൽകാൻ പോലും മഹാ സഖ്യം ഇപ്പോൾ തയ്യാറായിട്ടുണ്ട്.

ഈ അവകാശവാദങ്ങൾക്കിടെയാണ് ഇരു പാർട്ടികളിലെയും പാളയത്തിൽ തന്നെ പടയും രൂപപ്പെടുന്നത്. യു.പി രാഷ്ട്രീയം സമഗ്രമായി പരിശോധിച്ചാൽ ഗുണ്ടകൾക്കും ഗ്രാമതലവൻ മാർക്കും അവിടെ നിർണ്ണായക സ്വാധീനമുണ്ട് എന്ന് വ്യക്തമാവും.

ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥി മോഹികൾക്ക് പിന്നിൽ, ചെറുതും വലുതുമായ ഇത്തരം നിരവധി സംഘങ്ങൾ ഇപ്പോഴുമുണ്ട്.

കേഡർ പാർട്ടികൾ അല്ലാത്തതിനാൽ എസ്.പിയിലും ബി.എസ്.പിയിലും താഴെക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എളുപ്പവുമാണ്.ഈ സാധ്യത തഴയപ്പെടുന്നവർ ഉപയോഗപ്പെടുത്തിയാൽ അത് പ്രതിപക്ഷ സഖ്യത്തിന് വലിയ വെല്ലുവിളിയാകും.

റിബൽ സ്ഥാനാർത്ഥികൾ ബി.ജെ.പി സ്പോൺസേർഡ് ആവാൻ സാധ്യത ഉള്ളതിനാൽ സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയും അവർക്ക് ലഭിക്കും. ഈ അവസരം ശരിക്കും മുതലാക്കി പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി ഇവിടെ പയറ്റുന്നത്.

തിരഞ്ഞെടുപ്പിന് മുൻപ് എസ്.പിയിലും ബി.എസ്.പിയിലും ഭിന്നത ഉണ്ടാക്കി പിളർപ്പുണ്ടാക്കാനും അണിയറയിൽ നീക്കമുണ്ട്.

കോൺഗ്രസ്സ് ഒറ്റക്ക് മത്സരിക്കുന്നതോടെ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതും സഖ്യത്തിന് മറ്റൊരു വെല്ലുവിളിയാണ്.

ഈ പ്രതിസന്ധികളെ മറികടന്നും വലിയ വിജയം നേടണമെങ്കിൽ അത്രക്കും കടുത്ത ഭരണവിരുദ്ധ വികാരം യു.പിയിൽ ഉയരേണ്ടതുണ്ട്.

അതേസമയം ഹൈന്ദവ വോട്ടുകൾ ഏകീകരിപ്പിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾ വിജയിച്ചാൽ എസ്.പി – ബി.എസ്.പി സഖ്യത്തിന് അത് തിരിച്ചടിയാകും. മറിച്ചായാൽ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പ്രതിപക്ഷ മുന്നേറ്റമായി അത് മാറുകയും ചെയ്യും.

രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ‘മിനി ഇന്ത്യയിലെ’ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.

political reporter

Top