എസ് പി ബാലസുഹ്രഹ്മണ്യം ബോധം വീണ്ടെടുത്തു; പാട്ടുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്ന് മകന്‍

ചെന്നൈ: ഗായകന്‍ എസ് പി ബാലസുഹ്രഹ്മണ്യം ബോധം വീണ്ടെടുത്തെന്ന് റിപ്പോര്‍ട്ട്. പിതാവ് പ്രിയപ്പെട്ടവരെ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മകന്‍ എസ് പി ചരണ്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. നിലവില്‍ ചികിത്സയോട് എസ്പിബി നന്നായി പ്രതികരിക്കുന്നുണ്ട്. ആശുപത്രി മുറിയില്‍ പാട്ടുകള്‍ കേള്‍പ്പിക്കുമ്പോള്‍ അദ്ദേഹം അത് തിരിച്ചറിഞ്ഞു. ഇടയ്ക്ക് ചെറുതായി പാട്ടുമൂളാന്‍ ശ്രമിച്ചുവെന്നും അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ വീഡിയോയില്‍ പറഞ്ഞു. ഏറെ ആശ്വാസത്തോടെയാണ് ആരാധകര്‍ എസ് പി ചരണിന്റെ വാക്കുകള്‍ കേട്ടത്.

”അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലത്തേതിനേക്കാള്‍ എത്രയോ ഭേദമായിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ട്. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നു. രോഗമുക്തിയുടെ ആദ്യപടി അദ്ദേഹം ചവിട്ടിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏറെ ആശ്വാസത്തോടെയാണ് ഞാനാ വാക്കുകള്‍ കേട്ടത്. പെട്ടെന്ന് തന്നെ അസുഖം മാറിയേക്കില്ലെങ്കിലും, ഇത് രോഗമുക്തിയുടെ ആദ്യപടിയാണ്”, എന്ന് എസ് പി ചരണ്‍. ബുധനാഴ്ച അദ്ദേഹത്തെ ഐസിയുവിന് അകത്ത് കയറി കണ്ടതായി എസ് പി ചരണ്‍ പറഞ്ഞു.

അദ്ദേഹത്തിന് അപ്പോള്‍ കൂടുതല്‍ ആളുകളെ തിരിച്ചറിയാനായിരുന്നു. തിങ്കളാഴ്ചത്തേക്കാള്‍ മികച്ച ആരോഗ്യത്തിലാണ് അദ്ദേഹം എന്ന് തോന്നി. സംസാരിക്കാനും എഴുതാനും അദ്ദേഹം ശ്രമിച്ചെങ്കിലും ഒരു പേന കയ്യില്‍ പിടിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ആഴ്ച തന്നെ പേന കയ്യില്‍ പിടിച്ച് അദ്ദേഹത്തിന് എഴുതാനാകുമെന്ന് കരുതുന്നു.

എല്ലാ ദിവസവും ഒരു ദിനപത്രം അദ്ദേഹത്തിന് വായിച്ച് കേള്‍പ്പിക്കണമെന്ന് ഞാന്‍ നഴ്‌സുമാരോട് പറഞ്ഞു. അത് ഓക്കെയല്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അതേയെന്ന് പറഞ്ഞു. നിലവില്‍ പാട്ടുകേള്‍ക്കുമ്പോള്‍ അദ്ദേഹം അതിനോട് പ്രതികരിക്കുന്നുണ്ട്. ചെറുതായി വിരല്‍ കൊണ്ട് താളം പിടിക്കുന്നുണ്ട്. ഒപ്പം മൂളാന്‍ ശ്രമിക്കുകയും ചെയ്തു”, എന്ന് എസ് പി ചരണ്‍ പറഞ്ഞു.

Top