എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ശനിയാഴ്ച

ചെന്നൈ: അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. രാത്രിയോടെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ മൃതദേഹം സംസ്‌കരിക്കും.

ചെന്നൈ എംജിഎം ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:04നാണ് എസ്പിബി മരിച്ചത്. ഓഗസ്റ്റ് 13ന് എസ്പിബിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായം നല്‍കി. പ്ലാസ്മ തെറപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബര്‍ 19ന് മകന്‍ എസ്.പി.ചരണ്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ്പിബി തന്നെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Top