വരാപ്പുഴ കസ്റ്റഡി മരണം: തെളിവില്ലന്ന് , എസ്.പി എവി ജോര്‍ജിനെ പ്രതിയാക്കില്ല

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണ കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പ്രതിയാക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

എസ്പി ക്രിമിനല്‍ കുറ്റം നടത്തിയതായി തെളിവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പറഞ്ഞു. വകുപ്പുതല നടപടികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നും നിയമോപദേശം നല്‍കി.

നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് കൈമാറി. എ വി ജോര്‍ജിനെ പ്രതിയാക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ കേസിലില്ലെന്നും വകുപ്പുതല നടപടികളുമായി മുന്നോട്ടു പോകാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് പറവൂര്‍ മജിസ്ട്രേറ്റിന്റെ മൊഴിയെടുക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച അപേക്ഷ അന്വേഷണസംഘം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയിട്ടുണ്ട്.

കേസിലെ പ്രതികളായവരെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന വിവരത്തെത്തുടർന്ന് അന്വേഷണ സംഘം എ.വി. ജോർജിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. എ.വി. ജോർജിനെതിരെ ഒരു ഡിവൈഎസ്പിയടക്കമുള്ള പൊലീസുകാരുടെ മൊഴികളും ചില മാധ്യമവാർത്തകളുമടക്കമുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന്റെ കയ്യിലുള്ളത്. എന്നാൽ, ശ്രീജിത്തിന്റെ കാര്യത്തിൽ താൻ ഇടപെട്ടത് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട് കണക്കിലെടുത്താണെന്ന് എ.വി. ജോർജ് അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു.

സിഐയും എസ്ഐയുമടക്കം പത്തു പൊലീസ് ഉദ്യോഗസ്ഥർ കേസിൽ പ്രതികളാണ്. പ്രതികളുടെയും ചില സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്.

Top