ഇന്ത്യയെ ആക്രമിക്കുവാൻ പുറപ്പെട്ട അമേരിക്കയെ തുരത്തിയതും സോവിയറ്റ് റഷ്യ

ഷ്യയുടെ യുക്രെയിന്‍ ആക്രമണമാണിപ്പോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. യൂറോപ്യന്‍ യൂണിയനും നാറ്റോ സഖ്യവും റഷ്യയെ ഉപരോധത്തിലാക്കി വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്നതും വര്‍ത്തമാനകാല സംഭവവികാസങ്ങളാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഹിറ്റ്‌ലറോട് ഉപമിച്ചാണ് റഷ്യയെയും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെയും കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്. എന്തിനേറെ, ഇന്ത്യയിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ പോലും വ്യക്തമായ അമേരിക്കന്‍ വിധേയത്വമാണ് വാര്‍ത്തകളിലൂടെ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്തിനു വേണ്ടി റഷ്യ യുദ്ധം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായി എന്ന വസ്തുതയാണ് മലയാളം ചാനലുകള്‍ ഉള്‍പ്പെടെ ബോധപൂര്‍വ്വം അവഗണിക്കാന്‍ ശ്രമിക്കുന്നത്.

മുന്‍പ്, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളെ നാറ്റോ സഖ്യത്തില്‍ ചേര്‍ത്ത് ആദ്യം പ്രകോപനം സൃഷ്ടിച്ചത് തന്നെ അമേരിക്കയാണ്. ഏറ്റവും ഒടുവിലായി യുക്രെയിനെ കൂടി ഈ പാതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച അമേരിക്കന്‍ നടപടിയാണ് വിനാശ യുദ്ധത്തെ വിളിച്ചു വരുത്തിയിരിക്കുന്നത്. ഇവിടെ റഷ്യയോടൊപ്പം നില്‍ക്കാന്‍ ബാധ്യതയുള്ള രാജ്യമാണ് ഒറ്റയടിക്ക് അമേരിക്കന്‍ ചേരിയിലെത്തിയിരിക്കുന്നത്. നാറ്റോ അംഗമാകുന്നതോടെ അഞ്ചു മിനുട്ട് കൊണ്ടാണ് റഷ്യന്‍ തലസ്ഥാനം ആക്രമിക്കാന്‍ അമേരിക്കക്ക് കഴിയുക. ഇതിന് അവസരമൊരുക്കാതിരിക്കാനാണ് റഷ്യ യുക്രെയിന്നെ ആക്രമിച്ചിരിക്കുന്നത്.

ആവര്‍ത്തിച്ച് റഷ്യ ആവശ്യപ്പെട്ടിട്ടും അമേരിക്കന്‍ ചേരിയില്‍ നിന്നും പിന്‍മാറാന്‍ യുക്രെയിന്‍ തയ്യാറാകാത്തതാണ് എല്ലാറ്റിനും കാരണം. സ്വന്തം രാജ്യത്തിനു നേരെ ഉയരുന്ന ഭീഷണി മറികടക്കാന്‍ റഷ്യ സ്വീകരിച്ച നടപടിയെ കുറ്റം പറയാന്‍ ഒരു ഭാരതീയനും കഴിയുകയില്ല. കാരണം, നമ്മുടെ രാജ്യം തന്നെ നമുക്കു മുന്നില്‍ പ്രധാന ഉദാഹരണമാണ്. ചൈന അതിര്‍ത്തിയിലെ ഭൂട്ടാന്‍ എന്ന കൊച്ചു രാജ്യം. ഇന്ത്യന്‍ ചേരിവിട്ട് ചൈനീസ് ചേരിയിലേക്ക് മാറുന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തതാണ്. ശ്രീലങ്കയിലും നേപ്പാളിലും ചൈനക്ക് സൈനിക താവളം ഉണ്ടായാലുള്ള അവസ്ഥയും നാം ചിന്തിക്കണം.

ഇപ്പോള്‍ തന്നെ വ്യാപാര മേഖലയില്‍ ഈ രണ്ടു രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധത്തെ പോലും ഗൗരവമായാണ് ഇന്ത്യ നോക്കി കാണുന്നത്. ശത്രുരാജ്യം അയല്‍ രാജ്യത്തില്‍ ആധിപത്യം ഉറപ്പിക്കുന്നത് ഏതു രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. അതു തന്നെയാണ് യുക്രെയിനിലും സംഭവിച്ചിരിക്കുന്നത്. അമേരിക്കന്‍ അനുകൂലിയായ ഭരണകൂടം നാറ്റോക്കുള്ള സ്‌പെയ്‌സാണ് യുക്രെയിനില്‍ ഒരുക്കാന്‍ ശ്രമിച്ചത്. ഒരു ചേരിയിലും അംഗമാകരുതെന്ന റഷ്യന്‍ മുന്നറിയിപ്പിനാണ് അവര്‍ പുല്ലുവില കല്‍പ്പിച്ചിരിക്കുന്നത്.

1971ലെ, ഇന്ത്യ പാക്ക് യുദ്ധമാണ് ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടത്. അരനൂറ്റാണ്ടിനു മുന്‍പ് നടന്ന ആ യുദ്ധം ഇന്ത്യയെ സംബന്ധിച്ച് നിലനില്‍പ്പുനു തന്നെ അനിവാര്യമായിരുന്നു. സോവിയറ്റ് യൂണിയനുമായി ഇന്ത്യയുടെ സുരക്ഷ ഉറപ്പു വരുത്തുന്ന സൈനിക ഉടമ്പടിയില്‍ ഒപ്പുവച്ച ശേഷമാണ് ഇന്ത്യ, പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നത്. അതിന്റെ പരിണിതഫലമായിരുന്നു ബംഗ്ലാദേശിന്റെ പിറവി. പാക്കിസ്ഥാനെ സഹായിക്കാന്‍ അന്ന് അമേരിക്കന്‍, ബ്രിട്ടീഷ് പടക്കപ്പലുകള്‍ കുതിച്ചെത്തിയപ്പോള്‍ അവരെ തുരത്തിയോടിച്ചതും സോവിയറ്റ് യൂണിയന്റെ പടക്കപ്പലുകളായിരുന്നു. അന്നും ഇന്നും, യുദ്ധമുഖത്തെ ഇന്ത്യയുടെ പ്രധാന കുന്തമുനയും റഷ്യന്‍ ആയുധങ്ങള്‍ തന്നെയാണ്.

1947ലെ, ഇന്ത്യ-പാക് വിഭജന സമയത്ത് മുസ്ലിം ഭൂരിപക്ഷമായ കിഴക്കന്‍ ബംഗാളിനെ കൂടി പാകിസ്താന്റെ ഭാഗമാക്കുകയാണ് ഉണ്ടായത്. ഉറുദുവും പഞ്ചാബിയും സംസാരിക്കുന്ന പടിഞ്ഞാറന്‍ പാകിസ്താനും ബംഗാളി സംസാരിക്കുന്ന കിഴക്കന്‍ പാകിസ്താനും തമ്മില്‍ അന്നുമുതല്‍ക്കെ ഭിന്നതയും രൂക്ഷമായിരുന്നു. കിഴക്കന്‍ പാകിസ്താനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളെ നേരിടാന്‍ പട്ടാളത്തെയാണ് പാക്ക് ഭരണകൂടം നിയോഗിച്ചിരുന്നത്. ‘ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് ‘ എന്ന പേരില്‍ അന്നു നടന്ന സൈനിക നടപടിയില്‍ അഞ്ചുലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടിരുന്നത്. ഇതോടെ കിഴക്കന്‍ പാകിസ്താനില്‍ നിന്നും വലിയ തോതിലുള്ള അഭയാര്‍ത്ഥിപ്രവാഹത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചിരുന്നത്. ഒരു കോടിയിലധികം ബംഗാളികളാണ് ഇന്ത്യയില്‍ അഭയം തേടി എത്തിയിരുന്നത്.

അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുഎന്നിലടക്കം വിഷയം ഉന്നയിച്ചെങ്കിലും ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, ഇന്ത്യ കിഴക്കന്‍ പാകിസ്താനൊപ്പമാണെന്ന് പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധി, ശക്തമായ നീക്കത്തിനാണ് തയ്യാറെടുത്തിരുന്നത്. പാകിസ്താനെതിരെ കിഴക്കന്‍ മേഖലയില്‍ രൂപം കൊണ്ട വിമത സംഘടനയായ ‘മുക്തി ബാഹിനിക്ക് ഇന്ത്യ പരിശീലനം നല്‍കിയതും നിര്‍ണ്ണായക നീക്കമായിരുന്നു. റഷ്യ-യുക്രെയിന്‍ പ്രവശ്യകളായ ലുഹാന്‍സ്‌കിക്കും ഡോണറ്റ്‌സ്‌കിക്കും ഇപ്പോള്‍ നല്‍കുന്ന പിന്തുണക്ക് സമാനമായി ഇതിനെയും വിലയിരുത്താവുന്നതാണ്.

ഇന്ത്യ മുക്തി ബാഹിനിക്ക് നല്‍കിയ പരിശീലനം പാക്ക് സൈന്യത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. അവര്‍ 1971 ഡിസംബര്‍ 3ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലകളെ ആക്രമിക്കുകയുണ്ടായി. ‘ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍’ എന്ന പേരില്‍ നടത്തിയ ഈ ആക്രമണത്തില്‍ പഠാന്‍കോട്ട്, അമൃത്സര്‍ എന്നിവിടങ്ങളിലെ വ്യോമാസ്ഥാനങ്ങളിലെ റണ്‍വേകളിലും അമൃത്സറിലെ റഡാര്‍ സംവിധാനത്തിലും സാരമായ കേടുപാടുകളാണ് സംഭവിച്ചിരുന്നത്. തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം പാക് താവളങ്ങളെ ലക്ഷ്യമിട്ട് ശക്തമായ ആക്രമണമാണ് നടത്തിയിരുന്നത്. ഇതിനു ശേഷം ശ്രീനഗര്‍, അവന്തിപോര്‍ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാകിസ്താന്റെ പിന്നീടുള്ള ആക്രമണം അരങ്ങേറിയിരുന്നത്.

നിരവധിയിടങ്ങളിലായി അവര്‍ ബോംബ് വര്‍ഷിക്കുകയും ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഉള്‍പ്പെടെ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇതിനെ പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളും റഡാര്‍ സംവിധാനങ്ങളും ആക്രമിച്ചാണ് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നത്. തുടര്‍ന്ന് പാകിസ്താനെ എല്ലാ അര്‍ത്ഥത്തിലും വളയാന്‍ ഇന്ദിരാഗാന്ധി കരസേനാ മേധാവിക്ക് ഉത്തരവ് നല്‍കുക കൂടി ചെയ്തതോടെ 1971ലെ, ഇന്ത്യാ-പാക് യുദ്ധത്തിനാണ് തുടക്കമായിരുന്നത്.

13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവില്‍ പാകിസ്താന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയിരുന്നത്. യുദ്ധം നടക്കുമ്പോള്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സോവിയറ്റ് യൂണിയന്‍ ഇന്ത്യക്കു നല്‍കുകയുണ്ടായി. സൈനിക നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഈ പിന്തുണയും ഇന്ത്യക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അന്നത്തെ പാക് സൈനിക മേധാവിയും 93,000 പാക് സൈനികരും ഉള്‍പ്പെടെയാണ് ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ നിരുപാധികം കീഴടങ്ങിയിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് ഇത്രയധികം പേര്‍ കീഴടങ്ങുന്ന ഒരു യുദ്ധമുണ്ടായത്.

ഇന്ത്യയുടെ മൂന്ന് സേനകളും ഒന്നിച്ചു പങ്കെടുത്ത ആദ്യ യുദ്ധം കൂടിയായിരുന്നു അത്. പാകിസ്താന്‍ കീഴടങ്ങിയതോടെ കിഴക്കന്‍ പാകിസ്താനെ, ‘ബംഗ്ലാദേശ് ‘ എന്ന സ്വതന്ത്ര രാജ്യമായി ഇന്ത്യ പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. അമേരിക്ക ചെയ്യുന്നതു പോലെ ലോകത്ത് ഒരു അധിനിവേശവും, ഇന്ത്യ ഇതുവരെ നടത്തിയിട്ടില്ല. ഇതാണ് നമ്മുടെ അനുഭവം. ഇതൊന്നും തന്നെ, അഭിനവ മാധ്യമ പ്രവര്‍ത്തകര്‍ മറന്നു പോകരുത്…

ബംഗ്ലാദേശിന്റെ രൂപീകരണത്തിനു സമാനമായ പല കാരണങ്ങളും യുക്രെയിനില്‍ നിലവിലുണ്ട്. കിഴക്കന്‍ യുക്രെയ്‌നിലെ വിമത നിയന്ത്രിത പ്രദേശങ്ങളായ ലുഹാന്‍സ്‌കിക്കും ഡോണറ്റ്‌സ്‌കിനും നേരെ യുെ്രെകന്‍ ഭരണകൂടം നിരന്തരം വന്‍ പകപോക്കലാണ് നടത്തി കൊണ്ടിരുന്നത്. യുക്രെയിനില്‍ 30 ശതമാനത്തിലേറെ റഷ്യന്‍ വംശജരാണ് ഉള്ളത്. പടിഞ്ഞാറന്‍ പാകിസ്ഥാനില്‍നിന്നും ഭൂമിശാസ്ത്രപരവും സാംസ്‌കാരികമായും വേറിട്ടുനിന്ന കിഴക്കന്‍ പാകിസ്ഥാന്, ഇന്ത്യ വിമോചനം നേടികൊടുത്തതു പോലെ യുക്രെയിനിലും സംഭവിക്കണമെന്ന താല്‍പ്പര്യം ആ രാജ്യത്തെ ഒരു വിഭാഗത്തിനുണ്ട്. അങ്ങനെ ആഗ്രഹിക്കാന്‍ അവര്‍ക്ക് ചരിത്രപരമായ കാരണങ്ങളും നിരവധിയാണ്. ഇതിനു നേരെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് ഒരു കാര്യവുമില്ല.

യുക്രെയിനെ റഷ്യയുടെ ഭാഗമാക്കി മാറ്റുമെന്നൊന്നും റഷ്യ ഇതുവരെ പറഞ്ഞിട്ടില്ല. അതാകട്ടെ അവരുടെ ലക്ഷ്യവുമല്ല. യുക്രെയിന്‍ അമേരിക്കന്‍ ചേരിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുമ്പോള്‍ തന്നെ യുക്രെയിനിലെ റഷ്യന്‍ അനുകൂലികള്‍ക്ക് കൂടി സ്വീകാര്യമായ ഒരു ഭരണകൂടം അവിടെ വരണമെന്നും റഷ്യ ആഗ്രഹിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് റഷ്യയുടെ ‘പിറവി’ തന്നെ യുക്രെയിനില്‍ നിന്നാണുണ്ടായത് എന്നതും വിസ്മരിക്കാന്‍ കഴിയുന്നതല്ല. അതൊരു ചരിത്ര യാഥാര്‍ത്ഥ്യവുമാണ്. യുക്രെയിനിലെ റഷ്യന്‍ വംശജരെ യുക്രെയിന്‍ സൈന്യം അടിച്ചമര്‍ത്തുമ്പോള്‍ പ്രതികരിക്കാതിരുന്നവര്‍ ഇപ്പോള്‍ ഏകപക്ഷീയമായി റഷ്യയെ കുറ്റപ്പെടുത്തിയാല്‍ അത് ഒരിക്കലും വകവച്ചു കൊടുക്കാന്‍ സാധ്യമല്ല.

റഷ്യയില്‍ നിന്നും, ലോകത്തിന് ആണവ ഭീഷണി ഉണ്ടെന്നു പറയുന്ന അമേരിക്ക, തങ്ങള്‍ എന്തുകൊണ്ടാണ് സൈനിക സഖ്യമായ നാറ്റോയെ പിരിച്ചു വിടാത്തത് എന്നതിനു കൂടി ലോകത്തോട് മറുപടി പറയേണ്ടതുണ്ട്. സോവിയറ്റ് യൂണിയനുമായി ഭിന്നത നിലനിന്ന കാലത്ത് സൃഷ്ടിച്ച സൈനിക സഖ്യത്തെ സോവിയറ്റ് യൂണിയന്‍ ഇല്ലാതായിട്ടും നിലനിര്‍ത്തിയിരിക്കുന്നത് അമേരിക്കയുടെ രഹസ്യ അജണ്ട ഒന്നു കൊണ്ടു മാത്രമാണ്. ആ ‘അജണ്ട’ ചര്‍ച്ച ചെയ്യാതെ ഒരു വിശകലനവും പൂര്‍ണ്ണമാവുകയില്ല.

EXPRESS KERALA VIEW

Top