ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്‌റ്റേ

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിനുള്ള അധികാരം രാഷ്ട്രപതിക്കാണുള്ളതെന്ന് ചൂണ്ടിക്കാണ്ടിയാണ് ഹൈക്കോടതിയുടെ നടപടി.

തെരഞ്ഞെടുപ്പിന് മുന്‍പ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന് 10 ശതമാനം സംവരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

2021 ഫെബ്രുവരി ആറാം തിയ്യതിയാണ് നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 73 സമുദായങ്ങള്‍ നിലവില്‍ ഒബിസി പട്ടികയില്‍ ഉണ്ട്. ഒരു സമുദായം കൂടി ഉള്‍പ്പെടുന്നതോടെ സംവരണത്തോത് കുറയും. കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത് എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Top