ഇഡിക്കെതിരായ അന്വേഷണത്തിന് സ്‌റ്റേ; സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റേത് നിയമവിരുദ്ധമായ നടപടിയായിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്ബ് അന്വേഷണം നിലച്ചു. അതിന് പിന്നില്‍ സി.പി.എം ബിജെപി ധാരണയുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും സതീശന്‍ പറഞ്ഞു.

കമ്മീഷന്‍ അന്വേഷണം നിയമപരമായി നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രി അധികാരം ദുരൂപയോഗം ചെയ്താണ് സമാന്തര അന്വേഷണം പ്രഖ്യാപിച്ചതെന്നും ചൂണ്ടിക്കാട്ടി ഇ.ഡി ജോയിന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇ.ഡി ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.

സമാന്തര അന്വേഷണം സ്വര്‍ണക്കടത്ത് അന്വേഷണത്തെ താളം തെറ്റിക്കുമെന്നും പ്രതികള്‍ക്ക് സഹായകമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം ഹൈക്കോടതി തടഞ്ഞത്. സ്വര്‍ണക്കടത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

Top