സില്‍വര്‍ലൈന്‍ പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വേണമെന്ന് ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ റെയില്‍പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വേണമെന്ന ആവശ്യവുമായി ദക്ഷിണ റെയില്‍വേ. വിശദമായ പദ്ധതി രൂപരേഖ തയാറാക്കണമെന്നും പഴയതു പുതുക്കണമെന്നുമാണ് ആവശ്യം.

ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ ശുപാര്‍ശയിലാണു സില്‍വര്‍ ലൈന്‍ വേഗ റെയില്‍ പാതയില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നത്. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അലൈന്‍മെന്റില്‍ പ്രധാന മാറ്റങ്ങള്‍ നിര്‍ദേശിച്ചുള്ള ശുപാര്‍ശ കെ റെയില്‍ കോര്‍പറേഷനു ലഭിച്ചു.

റെയില്‍വേയുടെ ചട്ടങ്ങള്‍ പാലിക്കാത്ത നിര്‍മാണങ്ങള്‍ ഒഴിവാക്കണം. എറണാകുളം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള ഇരട്ടപ്പാതയുടെ പടിഞ്ഞാറു ഭാഗത്തു മൂന്നാം പാതയ്ക്ക് അനുമതിയായിട്ടുണ്ട്. നാലാം പാതയും ഭാവിയില്‍ നിര്‍മിക്കേണ്ടിവരും. ഇവയ്ക്കു സ്ഥലം ലഭിക്കുന്ന രീതിയില്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് പുതുക്കണം. ഡിപിആര്‍ പുതുക്കണമെന്നും നിര്‍ദേശമുണ്ട്. പാത കടന്നുപോകുന്ന പലയിടങ്ങളും ചതുപ്പ് മേഖലയായതിനാല്‍ ഇരുവശത്തും സുരക്ഷാ മതിലിനു പൈലിംഗ് വേണ്ടിവരും. ഇതു വന്‍തോതില്‍ ചെലവു കൂട്ടുമെന്നും നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

Top