റെയില്‍വേ ട്രാക്കുകളും ഓടകളും വൃത്തിയായി സൂക്ഷിക്കണം; നിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ദക്ഷിണ റെയില്‍വെയുടെ ട്രാക്കുകളും ഓടകളും വൃത്തിയായി സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. ട്രാക്കുകളുടെ സമീപ പ്രദേശങ്ങളില്‍ വെള്ളംപ്പൊക്കം ഉണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ഈ ആവശ്യമുന്നയിച്ചത്. ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളുമായി സെക്രട്ടേറിയറ്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത വകുപ്പ് സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

റെയില്‍വെ ഇക്കാര്യത്തില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. പാത ഇരട്ടിപ്പിക്കല്‍, പുതിയ പാതകളുടെ നിര്‍മാണം, പാലങ്ങളുടെ നിര്‍മാണം എന്നിവയില്‍ സംസ്ഥാനത്തിന്റെ സഹകരണം റെയില്‍വെ അഭ്യര്‍ഥിച്ചു. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ജ്യോതിലാല്‍, റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ വേണു, ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ. ബി അശോക്, പിഡബ്ല്യൂഡി സെക്രട്ടറി ആനന്ദ് സിങ്, ധനവകുപ്പ് സെക്രട്ടറി എം സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Top