ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്‌; മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സതാംപ്റ്റണ്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സതാംപ്റ്റണ്‍. 1-0ത്തിനാണ് കഴിഞ്ഞ സീസണിലെ ജേതാക്കളെ സതാംപ്റ്റണ്‍ അട്ടിമറിച്ചത്. കിരീടമുറപ്പിച്ച ശേഷം പ്രീമിയര്‍ലീഗില്‍ പോയന്റ് റെക്കോഡ് ലക്ഷ്യമിട്ട് കുതിക്കുന്ന ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ 2-0ത്തിനാണ് തോല്‍പ്പിച്ചത്.

ലോങ് റേഞ്ച് ഷോട്ടിലൂടെ കന്നി പ്രീമിയര്‍ ലീഗ് ഗോളിനുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച ചെ ആഡംസാണ്‍ സതാംപ്റ്റണ്‍ വിജയം സമ്മാനിച്ചത്. മിന്നും ഫോമിലായിരുന്ന സതാംപ്റ്റണ്‍ ഗോള്‍കീപ്പര്‍ അലക്‌സ് മക്കാര്‍ത്തിയുടെ പ്രകടനവും സിറ്റിയുടെ സാധ്യതകള്‍ ഇല്ലാതാക്കി. സീസണില്‍ സിറ്റിയുടെ ഒമ്പതാം തോല്‍വിയാണിത്.

തുടര്‍ച്ചയായ മൂന്നാം എവേ മത്സരത്തിലാണ് ടീം തോറ്റിരിക്കുന്നത്. കെവിന്‍ ഡിബ്രൂയിനും ഫില്‍ ഫോഡനും വിശ്രമമനുവദിച്ചാണ് സിറ്റി കളത്തിലിറങ്ങിയത്. കോവിഡ് സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്തിരുത്തിയത്.

സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ പരിക്കേറ്റ് പുറത്തായതും സിറ്റിയുടെ മുന്നേറ്റ നിരയുടെ കരുത്ത് കുറച്ചു. ചാമ്പ്യന്‍സ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് മൂന്ന് മുന്‍നിര താരങ്ങളെയും സജ്ജമാക്കാനാകും ഗാര്‍ഡിയോളയുടെ പദ്ധതി. 30 വര്‍ഷത്തിന് ശേഷം ലീഗ് ചാമ്പ്യന്‍മാരായുള്ള ആദ്യ വരവില്‍ തെന്ന ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ വിജയഭേരി മുഴക്കി. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ നേടുന്ന തുടര്‍ച്ചയായ 24ാം ജയമാണിത്.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം സാദിയോ മാനെയാണ് (71′) ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടിയത്. നബി കിറ്റയാണ് ഗോളിന് വഴിയൊരുക്കിയത്. ആന്‍ഫീല്‍ഡില്‍ ചെമ്പടക്കായി മാനെ നേടുന്ന 50ാം ഗോളായിരുന്നു ഇത്. തുടര്‍ച്ചയായ മൂന്നാം സീസണിലാണ് മാനെ ലീഗില്‍ 20 ഗോള്‍ നേടുന്നത്.

89ാം മിനിറ്റില്‍ മുഹമ്മദ് സലാഹിന്റെ പാസില്‍ നിന്നും കുര്‍ടിസ് ജോണ്‍സ് പട്ടിക പൂര്‍ത്തിയാക്കി. ആന്‍ഫീല്‍ഡില്‍ കളിച്ച അവസാന 57 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ റെഡ്‌സ് പരാജയമറിഞ്ഞിട്ടില്ല. 47 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 10 എണ്ണം സമനിലയില്‍ അവസാനിച്ചു. പോയന്റിന്റെ കാര്യത്തില്‍ സെഞ്ച്വറി തികക്കാന്‍ ലിവര്‍പൂളിന് 11െന്റ ദൂരം മാത്രമേയുള്ളൂ.

കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒരു ജയം പോലുമില്ലാതെയാണ് വില്ല തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നത്. 33 മത്സരങ്ങളില്‍ നിന്നും 27 പോയന്റുമായി വില്ല 18ാം സ്ഥാനത്താണ്. അവസാനം കളിച്ച ഒമ്പതില്‍ ഏഴെണ്ണം തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയിലായി. 33 മത്സരങ്ങളില്‍ നിന്നും ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് 89 പോയന്റുണ്ട്. സിറ്റി (66), ലെസ്റ്റര്‍ സിറ്റി (58), ചെല്‍സി (57) എന്നിവരാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ എത്തിയത്.

Top