ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വംശീയ അധിക്ഷേപം; പാക് ക്യാപ്റ്റന് നാല് മത്സരങ്ങളില്‍ വിലക്ക്

ദുബായ്: ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയ്‌ക്കെതിരെ വംശീയമായ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പാക് താരം സര്‍ഫറാസ് അഹമ്മദിനെതിരെ ഐ.സി.സി നടപടി. പാക്ക് ക്യാപ്റ്റനെ നാല് മത്സരങ്ങളില്‍ നിന്നാണ് വിലക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും തമ്മില്‍ ചൊവ്വാഴ്ച്ച ദര്‍ബനില്‍ നടന്ന രണ്ടാം ഏകദിനത്തിനെടയാണ് സര്‍ഫറാസ് ഫെലുക്വായോയെ അപമാനിച്ചത്.

തുടര്‍ന്ന് സര്‍ഫറാസ് ഫെലുക്വായോടും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനോടും മാപ്പ് ചോദിച്ചിരുന്നു. പാക് ക്യാപ്റ്റന്റെ മാപ്പപേക്ഷ ഇരുവരും സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഐ.സി.സി വംശീയാധിക്ഷേപ വിരുദ്ധ നിയമ പ്രകാരം താരത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

നിലവില്‍ പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ സര്‍ഫറാസ് കളിക്കുന്നില്ല. ഷുഐബ് മാലിക്കാണ് പകരം പാകിസ്ഥാനെ നയിക്കുക. ഇതോടെ പരമ്പരയിലെ അവസാന ഏകദിനത്തിലും ആദ്യ രണ്ട് ട്വന്റി20യിലും സര്‍ഫറാസിന് കളിക്കാനാകില്ല.

Top