South Sudan: Women raped ‘as reward for fighters’

ജനീവ: ദക്ഷിണ സുഡാനില്‍ സൈന്യത്തിനു ശമ്പളത്തിന് പകരം സ്ത്രീകളെ നല്‍കിയതായി യുഎന്‍ റിപ്പോര്‍ട്ട്. ആഭ്യന്തര യുദ്ധം നേരിടുന്ന സര്‍ക്കാര്‍ സൈനികര്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തു ഭരണമാറ്റത്തിനു ശ്രമിക്കുന്നവര്‍ കെട്ടിച്ചമച്ച കഥയാണ് യുഎന്‍ റിപ്പോര്‍ട്ടിനു പിന്നിലെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

രാജ്യത്തിനായി നിങ്ങള്‍ക്കു കഴിയുന്നതു ചെയ്യൂ, രാജ്യത്തു നിന്ന് നിങ്ങള്‍ക്കാവശ്യമുള്ളതു സ്വീകരിക്കൂ എന്നാണു സൈന്യത്തിനു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ ഉടമ്പടിയാണ് രാജ്യത്തെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ സൈന്യത്തിനു മൗനാനുവാദം നല്‍കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും, മക്കളുടെ മുന്‍പില്‍ അമ്മമാരെയും ക്രൂരമായി ബലാല്‍സംഗം ചെയ്യുക, എതിര്‍ക്കുന്നവരെ കൊന്നു തള്ളുക തുടങ്ങിയവ സൈന്യത്തിന്റെ നിസാര വിനോദങ്ങളാണെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൈനീക താവളങ്ങളില്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ പട്ടാളക്കാരുടെ ലൈംഗിക അടിമകളാണെന്നും, പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 1300 ഓളം സ്ത്രീകള്‍ രാജ്യത്തു കൂട്ടബലാല്‍സംഗത്തിന് ഇരയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം അറുപതിലധികം പേരെ സൈന്യം ഷിപ്പിങ് കണ്ടെയ്‌നറിനുള്ളിലടച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ വെളിപ്പെടുത്തുന്നു. യുദ്ധത്തില്‍ പ്രതിപക്ഷത്തെ സഹായിച്ചു എന്നാരോപിച്ചായിരുന്നു ഈ ക്രൂരത.

സുഡാനെതിരെ ശക്തമായ നടപടി വേണമെന്നും ആയുധ ഉപരോധമടക്കം ഏര്‍പ്പെടുത്തണമെന്നും കുറ്റക്കാരായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുറത്തു വരുന്നതു കെട്ടിച്ചമച്ച കഥകളാണെന്നും ഭരണമാറ്റം ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

Top