കൊവിഡ് രോഗ മുക്തി നേടിയവരില്‍ വീണ്ടും വൈറസ് സാന്നിധ്യം; ആശങ്കയോടെ കൊറിയ

സോള്‍: കോവിഡ്19 രോഗ മുക്തി നേടിയവര്‍ക്ക് തന്നെ വീണ്ടും വൈറസ് സ്ഥിരീകരിക്കുന്നത് ആശങ്കയോടെ വീക്ഷിച്ച് ദക്ഷിണ കൊറിയ. ഇത്തരക്കാരുടെ എണ്ണം വളരെ കുറവാണെങ്കിലും ഓരോ തവണയും അത് കൂടി വരുന്നതിന്റെ കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കൊറിയയിലെ ആരോഗ്യ വിദഗ്ധര്‍.

രോഗം ഭേദമായവര്‍ക്ക് വീണ്ടും അണുബാധ ഉണ്ടാവുക, രോഗ നിര്‍ണയം നടത്തുന്നതില്‍ പിഴവുകള്‍ ഉണ്ടാവുക തുടങ്ങിയ സാധ്യതയാണ് രോഗവിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. 141 പേരിലാണ് നിലവില്‍ ഇത്തരം കേസുകള്‍ ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമൂഹം രോഗത്തിനെതിരെ പ്രതിരോധം ആര്‍ജിക്കാത്ത സാഹചര്യത്തില്‍ വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

രോഗനിര്‍ണയത്തില്‍ പിഴവുണ്ടാകുക എന്നതിനര്‍ഥം ചില സമയങ്ങളില്‍ വൈറസ് നിര്‍ജീവാവസ്ഥയില്‍ ആകുന്നതിനാലാണ് പരിശോധനാവേളയില്‍ വൈറസ് സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നത് എന്നാണ്.

രോഗിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം വീണ്ടും ദുര്‍ബലമാകുന്ന മുറയ്ക്ക് അത് വീണ്ടും പിടിമുറുക്കുകയാണ് ചെയ്യുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടുത്തിടെ ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പ്രതിരോധ വ്യവസ്ഥയില്‍ നിര്‍ണായകമായ ടി സെല്ലുകള്‍ എന്നറിയപ്പെടുന്ന ടി ലിംഫോസൈറ്റുകളെ കൊറോണ വൈറസ് തകരാറിലാക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയ ആളില്‍ ഇതേ കാരണം കൊണ്ട് പ്രതിരോധ ശേഷി തകര്‍ന്നിരിക്കാനുള്ള സാധ്യത ഉള്ളതിനാല്‍ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ വൈറസ് വീണ്ടും സ്ഥിരീകരിച്ചവരില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകര്‍ന്നതായി ഇതുവരെ ദക്ഷിണസ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

48 മണിക്കൂറിനിടെ നടത്തുന്ന രണ്ട് പരിശോധനയില്‍ നെഗറ്റീവ് ആയെങ്കില്‍ മാത്രമാണ് ഒരാള്‍ കൊറോണ ബാധയില്‍ നിന്ന് മുക്തനായി എന്ന് അനുമാനിക്കുന്നത്. രോഗനിര്‍ണയത്തിന് ആര്‍ ടി- പിസിആര്‍ എന്ന ടെസ്റ്റാണ് പരക്കെ ഉപയോഗിക്കുന്നത്. ഇതിന് 95 ശതമാനം കൃത്യതയാണ് ഉള്ളത്. അതിനാല്‍ രണ്ടുമുതല്‍ അഞ്ച് ശതമാനം വരെ ഫലങ്ങള്‍ തെറ്റാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ അനുമാനം.

ആവശ്യത്തിന് വേണ്ട സാമ്പിളുകള്‍ ശേഖരിക്കാകതിരിക്കുകയും സാമ്പിളില്‍ വൈറസ് സാന്നിധ്യം വളരെ കുറഞ്ഞിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിശോധനാ ഫലം തെറ്റാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top