South Korean protesters call for President Park Geun-hye to resign

സിയൂള്‍: ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് പാര്‍ക്ക് ജിയൂണ്‍ ഹൈയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം.

15 ലക്ഷത്തോളം പേര്‍ പങ്കെടുത്ത കൂറ്റന്‍ റാലിയില്‍ അഴിമതി ആരോപണം നേരിടുന്ന പ്രസിഡന്റ് ഉടന്‍ രാജി വെക്കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റുമായുള്ള ബന്ധം ഉപയോഗിച്ച് രാജ്യത്തെ ഔദ്യോഗിക രേഖകള്‍ പരിശോധിക്കുകയും അനധികൃതമായി സമ്പാദിക്കുകയും ചെയ്‌തെന്ന കേസില്‍ സുഹൃത്ത് ചോയു സൂന്‍സില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് കൂട്ടുനിന്നെന്ന കുറ്റമാണ് പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ പാര്‍ക്ക് ജിയൂണ്‍ ഹൈ മാപ്പ് പറഞ്ഞെങ്കിലും രാജി ആവശ്യം ശക്തമാവുകയാണ്.

അഴിമതി ആരോപണം ശക്തമായതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് തലസ്ഥാനമായ സോളിലേക്ക് നടന്ന കൂറ്റന്‍ റാലി.

25000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരുന്നത്. 5 ആഴ്ചകളായി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

1987ല്‍ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ദക്ഷിണ കൊറിയയില്‍ നടന്ന പ്രതിഷേധമായിരുന്നു രാജ്യത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ പ്രതിഷേധം. 10 ലക്ഷം ആളുകളാണ് അന്ന് റാലിയില്‍ പങ്കെടുത്തത്.

Top