ലൈംഗിക ആരോപണം ; ദക്ഷിണ കൊറിയൻ പ്രവിശ്യാ ഗവർണർ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു

South-Korean

സോൾ : ലൈംഗിക ആരോപണം നേരിട്ടതിനെ തുടർന്ന് പ്രവിശ്യാ ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ച് മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച അഹ്നെ ഹീ-ജംഗ് ആണ് ലൈംഗിക ആരോപണം നേരിട്ടതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ചത്. ജംഗിന്റെ സെക്രട്ടറിയാണ് തന്നെ നിരവധി തവണ അഹ്നെ ഹീ-ജംഗ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ആരോപിച്ചത്.

#MeToo പ്രസ്ഥാനത്തിലുടെയാണ് പുരുഷ മേധാവിത്വം ഉള്ള ദക്ഷിണ കൊറിയൻ സമൂഹത്തിൽ അഹ്നെ ഹീ-ജംഗിനെതിരെ ആരോപണം ഉയർന്ന് വന്നത്. ജംഗിന്റെ സെക്രട്ടറിമാരിൽ ഒരാളായ കിം ജി-യൂൻ ജൂണിൽ താൻ ജോലിയിൽ പ്രവേശിച്ചതിന് ശേഷം നാലു തവണ ബലാത്സംഗത്തിന് ഇരയായെന്ന് ഒരു ടെലിവിഷൻ അഭിമുഖ സംഭാഷണത്തിൽ തിങ്കളാഴ്ച പറഞ്ഞു.

ഫെബ്രുവരി 25 രാത്രിയിൽ അഹ്നു തന്നെ ഓഫീസിൽ വിളിച്ചു വരുത്തി വേദനിപ്പിച്ചതിന് മാപ്പുപറഞ്ഞു, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന #MeTo പ്രസ്ഥാനത്തെക്കുറിച്ച് സംസാരിച്ചെന്നും എന്നിട്ടും അയാൾ വീണ്ടും തന്നെ ബലാൽസംഗം ചെയ്തുവെന്നും യൂൻ അഭിമുഖത്തിൽ വ്യക്തമാക്കി. മറ്റുള്ളവരെയും ലൈംഗികമായി പീഡിപ്പിക്കാൻ അഹ്നെ ശ്രമിക്കാറുണ്ടെന്നും അയാൾക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

ടി.വി അഭിമുഖത്തിന് ശേഷം ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി അടിയന്തിര യോഗം ചേരുകയും അഹ്നെ പുറത്താക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം, 52കാരനായ അഹ്നെ ഹീ-ജംഗ് ദക്ഷിണ ചുംചെങ്ങ് പ്രവിശ്യയുടെ ഗവർണർ സ്ഥാനത്തുനിന്നും പൊതുജീവിതത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തുകയും ചെയ്തു.

ദക്ഷിണകൊറിയയിൽ പുരോഹിതനും, വിനോദമേഖലയിലെ പ്രമുഖരും ഉൾപ്പടെ ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് നേരെ ലൈംഗിക ആരോപണങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. ആഗോളതലത്തിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ ശക്തമാകുന്ന MeToo ഹാഷ് ടാഗിന് പിന്തുണയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണ്‍ജേ ഇന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദക്ഷിണകൊറിയയിൽ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രസിഡന്റ് പൊലീസിന് നിർദേശവും നൽകി.

Top