ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവം; കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞു

സോള്‍: ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു കൊന്ന സംഭവത്തില്‍ കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് അയച്ച കത്തിലാണ് കിം ഖേദം പ്രകടിപ്പിച്ചത്. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്നും നിര്‍ഭാഗ്യകരമാണെന്നും കിം ജോങ് കത്തില്‍ പറയുന്നതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ചയാണ് ഉത്തര കൊറിയയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ പട്രോളിങ്ങിനു പോയ ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ പട്രോളിങ് ബോട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് ചൊവ്വാഴ്ച ഉത്തര കൊറിയയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വെച്ച് നാവിക ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം എണ്ണ ഒഴിച്ച് കത്തിച്ചതായും ദക്ഷിണ കൊറിയ പറയുന്നു.

Top