വാഹന ലോകത്തെ വമ്പന്മാരായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സിനെ സ്വന്തമാക്കാന്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് തലവന്‍ സെര്‍ജിയോ മാര്‍ഷിയോനി വിരമിക്കുന്നതിന് മുമ്പ് എഫ്‌സിഎയെ സ്വന്തമാക്കാനാണ് ഹ്യുണ്ടായിയുടെ നീക്കം.
എഫ്‌സിഎയെ ഏറ്റെടുക്കുന്നതോടു കൂടി ജീപ്, ഫിയറ്റ്, ക്രൈസ്‌ലര്‍, ഡോഡ്ജ്, ആല്‍ഫ റോമിയോ, മസെരാട്ടി മുതലായ മുന്‍നിര കമ്പനികള്‍ ഹ്യുണ്ടായിയുടെ ഉടമസ്ഥതയില്‍ വരും. മുമ്പ് 2015 -ല്‍ ഫെറാറി, ജനറല്‍ മോട്ടോര്‍സ്, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പോലുള്ള വമ്പന്മാര്‍ എഫ്‌സിഎയെ വാങ്ങാന്‍ മത്സരിച്ചെങ്കിലും നടന്നില്ല.
സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന എഫ്‌സിഎയെ സംബന്ധിച്ചു ഹ്യുണ്ടായിയുടെ ഏറ്റെടുക്കല്‍ ഏറെ നിര്‍ണായകമാണ്. ഈ വര്‍ഷം തന്നെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കുമെന്നാണ് വിവരം.
ക്രൈസ്‌ലറിന്റെ വിപണന ശൃഖലയും ജീപ്പിന്റെ പ്രചാരവും മുന്നില്‍ക്കണ്ടാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ഹ്യുണ്ടായിയുടെ പിന്‍ബലത്തില്‍ ഏഷ്യന്‍ വിപണികളില്‍ സജീവ സാന്നിധ്യമായി മാറാന്‍ എഫ്‌സിഎയ്ക്ക് മുന്നോട്ടു കഴിഞ്ഞേക്കും.
ഹ്യുണ്ടായി എഫ്‌സിഎയെ ഏറ്റെടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായി ഹ്യുണ്ടായി അറിയപ്പെടും. വരും ദിവസങ്ങളില്‍ എഫ്‌സിഎ – ഹ്യുണ്ടായി ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര വാഹന ലോകം.
അടുത്ത ഏപ്രിലില്‍ മാര്‍ഷിയോനി വിരമിക്കും. കമ്പനിയുടെ വാര്‍ഷിക നിക്ഷേപകരുടെ സമ്മേളനത്തിലാണ് വിരമിക്കല്‍ തിയ്യതി മാര്‍ഷിയോനി വെളിപ്പെടുത്തിയത്. 2014 ഒക്ടോബറില്‍ എഫ്‌സിഎയുടെ അമരത്തെത്തിയ മാര്‍ഷിയോനി തുടക്കം മുതല്‍ക്കെ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സിനെ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു.