ആണവ യുദ്ധത്തെക്കുറിച്ച് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ

White House

സോള്‍: അമേരിക്കയുടേയും ദക്ഷിണ കൊറിയയുടെയും സൈനികര്‍ സംയുക്തമായി നടത്തിയ തല്‍സമയ സൈനിക അഭ്യാസത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയ രംഗത്ത്.

തുടര്‍ച്ചയായ സൈനിക നീക്കത്തിന് ശേഷമാണ് ആണവ യുദ്ധത്തെക്കുറിച്ച് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയത്.
കൊറിയയെ ആണവയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് ഇതിലൂടെ അമേരിക്ക നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

ഉത്തരകൊറിയ ഭൂഖണ്ഡാന്തര ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയും ദക്ഷിണകൊറിയയും ചേര്‍ന്ന് സൈനികാഭ്യാസം സംഘടിപ്പിച്ചത്.

എല്ലാവിധ നിയന്ത്രണങ്ങളും ഉപരോധങ്ങളും മറികടന്ന് മിസൈലുകള്‍ പരീക്ഷിക്കുന്നത് ഉത്തരകൊറിയ പതിവാക്കിയ പശ്ചാത്തലത്തില്‍, ഇതിനെതിരായ ശക്തമായ മുന്നറിയിപ്പെന്ന നിലയിലായിരുന്നു തല്‍സമയ സൈനികാഭ്യാസം.

‘ശത്രുരാജ്യത്തിന്റെ’ മിസൈല്‍ ബാറ്ററികളെ ലക്ഷ്യമിട്ട് രണ്ട് യുഎസ് ബോംബര്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണമായിരുന്നു സൈനികാഭ്യാസത്തിന്റെ സവിശേഷതകളിലൊന്ന്. ആക്രമണങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി ഭൂമിക്കടിയിലുള്ള ഒളിയിടങ്ങള്‍ ലക്ഷ്യമിട്ട് കൊറിയന്‍ വിമാനങ്ങള്‍ നടത്തിയ അഭ്യാസവും ശ്രദ്ധനേടി.

അഭ്യാസത്തിന്റെ ഭാഗമായി ഇരു കൊറിയകളുടെയും അതിര്‍ത്തിക്കു സമീപം യുഎസ് സൈനിക വിമാനങ്ങള്‍ എത്തിയത് ഉത്തരകൊറിയയുടെ കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു.

വടക്കന്‍ പ്രവിശ്യയിലെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഉത്തര കൊറിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു .

വിബി 18 ബോംബേര്‍സ് കൊറിയന്‍ പെനിന്‍സുലയില്‍ അമേരിക്ക കഴിഞ്ഞ ദിവസം വിക്ഷേപിച്ചു .ഇത് സ്ഥിരമായി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു.

അമേരിക്കയുടെ പ്രവര്‍ത്തനം അപകടമാണെന്നും ,ചെറിയൊരു തെറ്റിദ്ധാരണയോ തെറ്റോ ഒരു ആണവയുദ്ധത്തിനു വഴിവെച്ചേക്കാം എന്നും കൊറിയന്‍ വ്യക്താവ് അറിയിച്ചു.

Top