ചർച്ചകൾ പുരോഗമിക്കുന്നു ; സോൾ ഉന്നതതല ഉദ്യോഗസ്ഥർ വീണ്ടും ഉത്തരകൊറിയയിലേയ്ക്ക്

north-south

സോൾ : കൊറിയൻ പെനിൻസുലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ഇരു കൊറിയൻ രാജ്യങ്ങളുടെയും ശ്രമങ്ങൾ ശക്തമാകുകയാണ്. ശൈത്യകാല ഒളിമ്പിക്സിന് ശേഷം വീണ്ടും ചർച്ചകൾക്കായി ദക്ഷിണ കൊറിയ ഉന്നതതല പ്രതിനിധികൾ ഈ ആഴ്ച ഉത്തര കൊറിയ സന്ദർശിക്കുമെന്ന് ദക്ഷിണ കൊറിയ.

പുതിയ ചർച്ചകൾ ഉടൻ ആരംഭിക്കുന്ന വിവരം ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസാണ് അറിയിച്ചത്. ദേശീയ സുരക്ഷാ ഡയറക്ടർ ചങ് എയിയി-യാങ് നയിക്കുന്ന പ്രതിനിധി സംഘം രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി തിങ്കളാഴ്ച പ്യോങ്യാങിലേയ്ക്ക് പോകുമെന്നും ഉത്തര കൊറിയയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും സോൾ വ്യക്തമാക്കി.

ശൈത്യകാല ഒളിമ്പിക്സിന്റെ ഭാഗമായി ഉത്തരകൊറിയൻ ഉദ്യോഗസ്ഥരും കിം ജോങ് ഉന്നിന്റെ സഹോദരിയും ദക്ഷിണ കൊറിയ സന്ദർശിച്ചിരുന്നു. തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇനിന്നെ ഉത്തര കൊറിയയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

അതേസമയം വാഷിംഗ്ടണുമായി ഉത്തരകൊറിയയുടെ പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ദക്ഷിണ കൊറിയ സൂചിപ്പിച്ചിരുന്നു. പുതിയ സന്ദർശനത്തിലെ ചർച്ചകൾ കൊറിയൻ രാജ്യങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ വഴിയൊരുക്കുന്നതാണ്.

റിപ്പോർട്ട് : രേഷ്മ പി.എം

Top