കൊറോണ ഭീതിക്കിടെ മിസൈല്‍ പരീക്ഷണം നടത്തി കിം ജോങ് ഉന്‍

സോള്‍: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. രണ്ട് ഹ്രസ്വ ദൂര മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയ ആരോപിച്ചു.

മാര്‍ച്ച് ആദ്യത്തിലും ഉത്തരകൊറിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതായി ദക്ഷിണകൊറിയ ആരോപിച്ചിരുന്നു. വടക്കന്‍ പൊഗ്യാംഗ് പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് സൗത്ത് കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. കൊറിയന്‍ പെനിന്‍സുലയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഇവിടം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ജപ്പാനും സ്ഥിരീകരിച്ചു.

മിസൈലുകള്‍ ജപ്പാന്റെ എക്സ്‌ക്ലുസീവ് എക്കണോമിക് സോണ്‍ വാട്ടറിന്റെ പുറത്ത് പതിച്ചതായി ജപ്പാന്‍ അറിയിച്ചു. ഉത്തരകൊറിയയുടെ നിയമനിര്‍മാണസഭയായ സുപ്രീം പീപ്പിള്‍ ഏപ്രിലില്‍ നടക്കുമെന്ന് ഉത്തരകൊറിയ അറിയിച്ചതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. സുപ്രീം പീപ്പിളില്‍ ഏകദേശം 700 നേതാക്കള്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് ലോകാരോഗ്യ സംഘടനയടക്കമുള്ളവ മുന്നറിയിപ്പ് നല്‍കുമ്പോഴാണ് കിം സുപ്രീം പീപ്പിള്‍ വിളിച്ചു ചേര്‍ക്കുന്നത്.

Top