ഒരാഴ്ചക്കിടയില്‍ ഉത്തര കൊറിയ രണ്ടാം ഹ്രസ്വദൂരമിസൈല്‍ പരീക്ഷണം നടത്തിയതായി…

സോള്‍: ഉത്തര കൊറിയ ഒരാഴ്ചക്കിടയില്‍ രണ്ടാം ഹ്രസ്വദൂരമിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ സൈന്യമാണ് ഇതു സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. വടക്ക് പടിഞ്ഞാറന്‍ നഗരമായ കുസോങില്‍ നിന്നും 260 മൈല്‍ കിഴക്ക് വെച്ചാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതെന്നും കൂടെ ഷോര്‍ട്ട് റെയ്ഞ്ച് മിസൈല്‍ ഉപയോഗിച്ചുള്ള രണ്ടാം ആയുധ പരീക്ഷണവും നടത്തിയെന്നും ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.

ആണവ പുനരുജ്ജീവനം സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി യു.എസ് നയതന്ത്ര പ്രതിനിധി ദക്ഷിണ കൊറിയയിലെത്തി മണിക്കൂറുകള്‍ക്കകമാണ് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണമെന്നും ദക്ഷിണ കൊറിയ പറയുന്നു. അമേരിക്കക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ഈ നടപടികളിലൂടെ ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

ഉത്തര കൊറിയ ആണവ പദ്ധതികള്‍ ഉപേക്ഷിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കരാറുകളൊന്നും ഇല്ലാതെയാണ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ വിയറ്റ് നാം ഉച്ചകോടി അവസാനിച്ചത്. ഇതിന് ശേഷം ശനിയാഴ്ച ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ തന്നെ വെളിപ്പെടുത്തിയിരുന്നു.

Top