ആണവനിര്‍വ്യാപന ചര്‍ച്ച; ദക്ഷിണ, ഉത്തര കൊറിയകളുടെ നേതാക്കള്‍ ഒത്തൊരുമിക്കും

സോള്‍: ദക്ഷിണ, ഉത്തര കൊറിയകളുടെ തലവന്‍മാര്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ ഈ മാസം നടക്കുന്ന കൊറിയന്‍ ഉച്ചകോടിയിലാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കൂടിക്കാഴ്ച നടത്തുന്നത്.

ആണവനിര്‍വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ യോഗത്തില്‍ ചര്‍ച്ചയാകുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഉച്ചകോടി നടക്കുന്നത്. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയി യോങ്ങാണ് ഇക്കാര്യം അറിയിച്ചത്.

യോങ്ങിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിലാണ് ഉച്ചകോടിയുടെ തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായത്. കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയ യോഹ്, മൂണ്‍ ജെ ഇന്നിന് എഴുതിയ കത്തും കിമ്മിനു കൈമാറിയിരുന്നു.

ആണവനിര്‍വ്യാപനത്തിനു ദക്ഷിണ കൊറിയയുമായും യുഎസുമായും സഹകരിക്കാനുള്ള സന്നദ്ധത കിം അറിയിച്ചതായി ചുങ് ഇയി യോങ് മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തി. കഴിഞ്ഞ ജൂണില്‍ കിമ്മും ട്രംപും സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പലതവണ മാറ്റിവച്ച ശേഷം നടത്തിയ ഈ കൂടിക്കാഴ്ചയിലാണ് കൊറിയന്‍ മുനമ്പില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനു തുടക്കമായത്. ഇതിന്റെ ഭാഗമായി ആണവ നിര്‍വ്യാപനത്തിനുള്ള സന്നദ്ധത ഉത്തര കൊറിയ യുഎസിനെയും ദക്ഷിണ കൊറിയയെയും അറിയിച്ചിരുന്നു.

Top