ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഉത്തരകൊറിയന്‍ അഭയാര്‍ത്ഥിയുടെ മകന്‍

സോള്‍ : ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് നേതാവായ മൂണ്‍ ജേ ഇന്‍ തിരഞ്ഞെടുക്കപ്പെട്ടു.

41 ശതമാനം വോട്ടു നേടി മൂണ്‍ അധികാരമുറപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പ്രധാന എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഹോങ് ജൂന്‍ പ്യോയ്ക്ക് 23 ശതമാനം വോട്ട് നേടാനെ സാധിച്ചൊള്ളൂ.

ഉത്തരകൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ ഭരണത്തിലെത്തിയത് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുമായുള്ള സഖ്യ നിലപാടുകള്‍ക്കും മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് ആയതുകൊണ്ടു പുതിയ പ്രസിഡന്റ് ഉടന്‍ തന്നെ അധികാരമേല്‍ക്കും.

സാധാരണ രണ്ടു മാസത്തിനു ശേഷമാണ് അധികാരക്കൈമാറ്റം. ഒരു പതിറ്റാണ്ടു നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിനാണു മൂണിന്റെ വിജയത്തോടെ വിരാമമാകുന്നത്.

ഉത്തരകൊറിയ – അമേരിക്ക ബന്ധം സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ലോകം ആകാംക്ഷയോടെയാണ് ദക്ഷിണകൊറിയന്‍ തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. ഉത്തരകൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ ജേ ഇന്‍, തങ്ങളുടെ രാജ്യത്തെ അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ വിമര്‍ശകനാണ്. തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവിട്ട എല്ലാ എക്‌സിറ്റ് പോളുകളും മൂണിന്റെ ജയം പ്രവചിച്ചിരുന്നു. രാജ്യത്തെ അഴിമതിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കൂടിയാണ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍.

താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്ന് മൂണ്‍ പ്രതികരിച്ചു. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ ബഹുദൂരം പിന്തള്ളിയായിരുന്നു വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ മൂണിന്റെ കുതിപ്പ്. ഉത്തര കൊറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയുടെ മകനായ മൂണ്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്. ആണവശക്തിയായ ഉത്തര കൊറിയയോടു മെച്ചപ്പെട്ട ബന്ധത്തിനായി വാദിക്കുന്നയാളാണ് അറുപത്തിനാലുകാരനായ മൂണ്‍. കര്‍ക്കശ നിലപാടു മാറ്റി ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ റോ മൂ ഹ്യൂന്‍ പ്രസിഡന്റായിരുന്നപ്പോള്‍ മൂണ്‍ അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു.

പാര്‍ക്കിനെതിരായ അഴിമതിവിരുദ്ധ സമരനേതൃത്വത്തിലൂടെ പാര്‍ട്ടിയില്‍ സ്വീകാര്യനായ മൂണ്‍ ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ്. പാര്‍ക് ഗ്യൂന്‍ ഹൈയുടെ പിതാവ് പാര്‍ക് ചുങ് ഹീയുടെ പതിനെട്ടു വര്‍ഷം നീണ്ട ഏകാധിപത്യ ഭരണകാലത്തു സര്‍ക്കാരിനെതിരെ സമരം ചെയ്തതിനു മൂണ്‍ ജയില്‍വാസം അനുഭവിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അമേരിക്കയുമായി ദക്ഷിണ കൊറിയയുടെ നിലപാടുകളില്‍ മാറ്റം ആവശ്യമാണെന്നു വാദിച്ചിരുന്നു.

Top