തെന്നിന്ത്യന്‍ താരസുന്ദരിമാരായ നയന്‍താരയും തൃഷയും ആദ്യമായി ഒന്നിക്കുന്നു: കമല്‍ ചിത്രത്തിലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ നടിമാരാണ് നയന്‍താരയും തൃഷയും. പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് നയന്‍താരയും തൃഷയും. എന്നാല്‍ ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നില്ല. പലപ്പോഴും താര നിശകളിലും മറ്റും തൃഷയെയും നയന്‍താരയെയും ഒന്നിച്ച് നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു വലിയ പ്രൊജക്ടിലൂടെ ഇരുവരും ഒന്നിക്കും എന്നാണ് വിവരം. കമല്‍ ഹാസന്‍ നായകനായി മണിരത്‌നം ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വിവരം.

കമലിന്റെ ജന്മദിനമായ നവംബര്‍ 7ന് ചിത്രത്തിന്റെ താരനിരയെ വെളിപ്പെടുത്തും. അന്ന് മാത്രമേ ഇരുവരും ചിത്രത്തില്‍ ഒന്നിക്കുമോ എന്നത് ഔദ്യോഗികമായി അറിയാന്‍ സാധിക്കൂ. എന്തായാലും അടുത്തിടെ കെഎച്ച് 234 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു.

തമിഴ് സിനിമാപ്രേമികളെ സംബന്ധിച്ച് കഴിഞ്ഞ 35 വര്‍ഷങ്ങളായി അത്തരത്തില്‍ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് മണി രത്‌നവും കമല്‍ ഹാസനും. 1987 ല്‍ പുറത്തെത്തിയ നായകന് ശേഷം ഇതുവരെയും ഇവര്‍ ഒരുമിച്ചിരുന്നില്ല. എന്നാല്‍ അത് ഉടന്‍ സംഭവിക്കുകയാണ്.

മണി രത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്‌സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം പുരോഗമിക്കുന്ന വിജയ് ചിത്രം ലിയോയുടെ ആക്ഷന്‍ കൊറിയോഗ്രഫിയും ഇവരായിരുന്നു.

പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്‌യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്‍ഹാസന്‍, മണിരത്നം, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Top