തെന്നിന്ത്യന്‍ താരസുന്ദരി ഉണ്ണിമേരിക്ക് ഇന്ന് 59-ാം പിറന്നാള്‍

കൊച്ചി; തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് ഉണ്ണിമേരി. 1969ല്‍ നവവധുവിലൂടെയാണ് ബാലനടിയായി ഉണ്ണിമേരി സിനിമയിലേക്കെത്തിയത്. ദീപ എന്ന പേര് സിനിമയിലെത്തിയ ശേഷം ഉണ്ണിമേരി എന്നാക്കുകയായിരുന്നു. പിന്നീട് നായികാനിരയിലേക്കുയര്‍ന്ന താരം ഗ്ലാമര്‍ വേഷങ്ങളിലൂടെയും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടേയും തെന്നിന്ത്യന്‍ സിനിമാലോകത്തെ താരസുന്ദരിയായി വളരുകയായിരുന്നു. കണ്ണപ്പനുണ്ണി, മഹാബലി, തിങ്കളാഴ്ച നല്ല ദിവസം, ചട്ടമ്പിക്കല്യാണി തുടങ്ങി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കടന്നു. പിന്നീട് മുഴുവന്‍ സമയം സുവിശേഷ പ്രവര്‍ത്തകയായി, ഇപ്പോള്‍ കുടുംബത്തോടൊപ്പം എറണാകുളത്താണ് ഉണ്ണിമേരിയുടെ താമസം.

മലയാളത്തിനു പുറമെ തെലുങ്കിലും തമിഴിലും കന്നഡയിലുമൊക്കെ സജീവമായിരുന്നു. ഓരോ ഭാഷയിലേയും അക്കാലത്തെ സൂപ്പര്‍ താരങ്ങളൊപ്പം അഭിനയിച്ചിട്ടുമുണ്ട്. 23 വര്‍ഷക്കാലം സിനിമാലോകത്ത് സജീവമായിരുന്നു. 1992-ല്‍ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. തമിഴില്‍ ദീപ എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടത്. കണ്ണപ്പനുണ്ണി, തച്ചോളി അമ്പു ഉള്‍പ്പെടെ നിരവധി മലയാള സിനിമകളിലും ജാണി, മുന്താണൈ മുടിച്ച് തുടങ്ങിയ തമിഴ് സിനിമകളിലും കാട്ടുറാണി, ലേഡീസ് ടെയ്‌ലര്‍, കല്യാണപ്പറവകള്‍ തുടങ്ങിയ കന്നഡ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കൊളേജ് അധ്യാപകനായ റെജോയുമായി 1982ലായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോള്‍ കുടുംബത്തോടൊപ്പം എറണാകുളത്ത് കലൂരിലാണ് താമസം. ഭര്‍ത്താവും മകനും മരുമകളും പേരക്കുട്ടിയും അടങ്ങുന്നതാണ് കുടുംബം. സിനിമവിട്ട ശേഷം കുറച്ച് നാള്‍ രാഷ്ട്രീയ പ്രവര്‍ത്തനവുമായി സജീവമായിരുന്നു.

 

Top